ADVERTISEMENT

ന്യൂഡൽഹി ∙ 12–ാം ക്ലാസ് ഫലം പ്രഖ്യാപിക്കാൻ സിബിഎസ്ഇയും ഐഎസ്‌സി പരീക്ഷ നടത്തുന്ന സിഐഎസ്‌സിഇയും നിർദേശിച്ച മൂല്യനിർണയരീതികൾ സുപ്രീം കോടതി അംഗീകരിച്ചു. 10,11,12 ക്ലാസുകളിലെ പ്രകടനം കണക്കാക്കി 12–ാം ക്ലാസ് മൂല്യനിർണയം നടത്തുമെന്നും ഫലം ജൂലൈ 31ന് അകം പ്രസിദ്ധീകരിക്കുമെന്നും ഇരു ബോർഡുകളും കോടതിയെ അറിയിച്ചു. സിബിഎസ്ഇ 10–ാം ക്ലാസ് ഫലം ജൂലൈ 20നു പ്രഖ്യാപിക്കും.  12–ാം ക്ലാസിലെ മാർക്ക് നിർണയ രീതി ഇങ്ങനെ: 

സിബിഎസ്ഇ: 10,11,12 ക്ലാസുകളിലെ പ്രകടനം 30:30:40 അനുപാതത്തിൽ കണക്കിലെടുക്കും. 10,11 ക്ലാസുകളിലെ വാർഷികഫലവും 12 ലെ യൂണിറ്റ് ടെസ്റ്റ് / മിഡ്–ടേം / പ്രീ ബോർഡ് (മോഡൽ) പരീക്ഷകളിലെ ഫലവുമാകും പരിഗണിക്കുക. സ്കൂളിന്റെ കഴിഞ്ഞ 3 വർഷങ്ങളിലെ ഫലവും കണക്കിലെടുക്കും.

ഇതിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച വർഷം ഓരോ വിഷയത്തിനും ലഭിച്ച ശരാശരി മാർക്കിനേക്കാൾ + /- 5 മാർക്കിലേറെ വ്യത്യാസം ഈ വർഷം പാടില്ല. എല്ലാ വിഷയങ്ങൾക്കും കൂടിയുള്ള മൊത്തം മാർക്കിന്റെ ശരാശരിയിലാകട്ടെ, + /- 2 മാർക്കിലേറെ വ്യത്യാസം പാടില്ല. മാർക്കിടുന്ന രീതിയിൽ സ്കൂളുകൾ തമ്മിലുള്ള വ്യത്യാസം ഫലത്തെ ബാധിക്കാതിരിക്കാനാണിത്. സ്കൂളിൽ റിസൽറ്റ് കമ്മിറ്റിയുണ്ടാകും. നടപടികൾ വിലയിരുത്താനും സംശയങ്ങൾ പരിഹരിക്കാനും സോൺ തല സമിതിയുമുണ്ടാകും.

സിഐഎസ്‌സിഇ: ഐസിഎസ്ഇ 10 ബോർഡ് പരീക്ഷയിലെ മാർക്ക്, 11,12 ക്ലാസ് പരീക്ഷകളിലെ മികച്ച മാർക്ക്, പ്രോജക്ട്, പ്രാക്ടിക്കൽ മാർക്കുകൾ എന്നിവ കണക്കിലെടുക്കുമെന്നു കോടതിയിലെ സത്യവാങ്മൂലത്തിൽ പറയുന്നു. വിജ്ഞാപനം ഇറങ്ങാത്തതിനാൽ മാർക്ക് നിർണയത്തിന്റെ വിശദാംശങ്ങൾ വ്യക്തമല്ല. സ്കൂളുകളുടെ കഴിഞ്ഞ 6 വർഷത്തെ (2015– ’20) പ്രകടനമാകും വിലയിരുത്തുക. ഇതിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ വർഷം തിയറി പരീക്ഷകളിൽ ഓരോ വിഷയത്തിലും ലഭിച്ച ശരാശരി മാർക്ക് മാനദണ്ഡമാകും.

തർക്കപരിഹാര സംവിധാനം വേണം: കോടതി

ഫലം സംബന്ധിച്ച പരാതി ഉന്നയിക്കുന്ന വിദ്യാർഥികൾക്കുള്ള തർക്കപരിഹാര സംവിധാനവും പരീക്ഷ എഴുതാൻ താൽപര്യമുള്ളവർക്കായി സമയക്രമവും ഉൾപ്പെടുത്തിവേണം മൂല്യനിർണയരീതി പരസ്യപ്പെടുത്താനെന്നു സുപ്രീം കോടതി നിർദേശിച്ചു. സിബിഎസ്ഇ വൈകിട്ടു വിജ്ഞാപനം ഇറക്കിയെങ്കിലും ഇക്കാര്യങ്ങളില്ല. പരീക്ഷ റദ്ദാക്കുകയെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നു ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

മൂല്യനിർണയ രീതിയിൽ തിരുത്തൽ നിർദേശിക്കുന്നെങ്കിൽ കോടതി 21നു പരിഗണിക്കും. 2 ബോർഡുകളുടെയും വിജ്ഞാപനം അന്നത്തെ ഉത്തരവിനു വിധേയമായിരിക്കുമെന്നും കോടതി പറഞ്ഞു.

English Summary: CBSE, ISC result criteria

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com