പന്നിയുടെ ഹൃദയം മനുഷ്യനിൽ: കാൽനൂറ്റാണ്ടു മുൻപേ അസം ഡോക്ടർ പരീക്ഷിച്ചു

Mail This Article
കൊൽക്കത്ത ∙ ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനിൽ പരീക്ഷിച്ച വാർത്ത ലോകം ശ്രദ്ധിക്കുമ്പോൾ, കാൽ നൂറ്റാണ്ടു മുൻപ് ഇതേ ശസ്ത്രക്രിയ പരീക്ഷിച്ച ഡോക്ടർ അസമിൽ കഴിയുന്നു. ഡോ. ധാനി റാം ബറുവ എന്ന ഡോക്ടറാണ് 1997 ൽ 32 വയസ്സുകാരനിൽ പന്നിയുടെ ഹൃദയം തുന്നിച്ചേർത്തത്. ഒരാഴ്ചയോളം ജീവിച്ച പുർണോ സൈക്കിയ എന്ന രോഗി പിന്നീട് മരിച്ചു. നിയമവിരുദ്ധമായ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ അറസ്റ്റിലുമായി.
6 വർഷം മുൻപ് തലച്ചോറിൽ നടത്തിയ ശസ്ത്രക്രിയയെത്തുടർന്ന് സംസാര ശേഷി നഷ്ടപ്പെട്ടിരിക്കുകയാണ് 72 കാരനായ ഡോ.ബറുവയ്ക്ക്. പക്ഷേ, മേരിലാൻഡ് സ്കൂൾ ഓഫ് മെഡിസിനിലെ പരീക്ഷണത്തിൽ ഡോക്ടർ ആഹ്ലാദവാനാണെന്ന് ബന്ധുക്കളും പഴയ സഹപ്രവർത്തകരും പറയുന്നു.
ഹൃദയത്തിൽ വലിയ ദ്വാരമുണ്ടായിരുന്ന യുവാവിലാണ് ഡോ. ബറുവ പരീക്ഷണ ശസ്ത്രക്രിയ നടത്തിയത്. ഇംഗ്ലണ്ടിൽ നിന്ന് എഫ്ആർസിഎസ് പൂർത്തിയാക്കിയ അദ്ദേഹം ഹോങ്കോങ്ങിൽ നിന്നുള്ള ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനായ ഡോ. ജോനാഥൻ ഹോയുടെ സഹായത്തോടെയാണ് പരീക്ഷണം നടത്തിയത്.
അണുബാധയെ തുടർന്ന് രോഗി മരിച്ചപ്പോൾ ഇരു ഡോക്ടർമാരെയും പൊലീസ് അറസ്റ്റ് ചെയ്തു. ജയിലിലായ ഇരുവരും ജാമ്യത്തിലിറങ്ങി. ഗുവാഹത്തി നഗരത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഗവേഷണകേന്ദ്രം ആളുകൾ അടിച്ചുതകർത്തു. കിറുക്കൻ എന്ന ചീത്തപ്പേരു ലഭിച്ച ബറുവ പക്ഷേ, വൈകാതെ വീണ്ടും ജനപ്രിയനായി.
Content Highlight: Dhani Ram Baruah