ADVERTISEMENT

കൊൽക്കത്ത ∙ ട്രെയിൻ യാത്രയ്ക്കിടെ പ്രണയസ്വപ്നങ്ങൾ കണ്ട ഏതോ യാത്രക്കാരൻ കുത്തിക്കുറിച്ച കവിതകൾ മരണത്തിന്റെ ട്രാക്കിൽ അനാഥമായി. കൊറമാണ്ഡൽ എക്സ്പ്രസിന്റെ തകർന്ന ബോഗികളിലൊന്നിന്റെ അരികിലാണ് ചിതറിയ സാധനങ്ങൾ‍ക്കൊപ്പം രക്ഷാപ്രവർത്തകർ പ്രണയകവിതകൾ കണ്ടെത്തിയത്. ആരാണ് എഴുതിയതെന്നോ അപകടത്തിനു ശേഷം എന്തു പറ്റിയെന്നോ അറിയില്ല. ആനയും മീനും സൂര്യനുമെല്ലാം വരച്ചിട്ട ഡയറിത്താളുകളിലാണു കവിത കുറിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചു.

3.22 കോടി നഷ്ടപരിഹാരം

മരിച്ചവരുടെ കുടുംബങ്ങൾക്കും പരുക്കേറ്റവർക്കുമുള്ള നഷ്ടപരിഹാര ഇനത്തിൽ ഇതുവരെ 3.22 കോടി രൂപ നൽകിയെന്നു റെയിൽവേ ബോർഡ് അംഗം ജയ വർമ അറിയിച്ചു. മരിച്ചവരിൽ 11 പേരുടെ കുടുംബങ്ങൾക്കും പരുക്കേറ്റവരി‍ൽ ഗുരുതരാവസ്ഥയിലുള്ള 50 പേർക്കും അത്ര ഗുരുതരമല്ലാത്ത പരുക്കേറ്റ 224 പേർക്കുമായി ആകെ 285 യാത്രക്കാരുടെ കാര്യത്തിലാണ് നഷ്ടപരിഹാരം കൈമാറിക്കഴിഞ്ഞത്. സോറോ, ഖരഗ്പുർ‍, ബാലസോർസ ഖണ്ഡപാര, ഭദ്രക്, കട്ടക്, ഭുവനേശ്വർ എന്നിങ്ങനെ ഏഴിടങ്ങളിലാണു നഷ്ടപരിഹാരം വിതരണം ചെയ്യുന്നത്.

ടിക്കറ്റില്ലെങ്കിലും നഷ്ടപരിഹാരം

ന്യൂഡൽഹി ∙ ഒഡീഷയിൽ അപകടത്തിൽപെട്ട ട്രെയിനുകളിലെ യാത്രക്കാരിൽ ടിക്കറ്റ് എടുക്കാത്തവർക്കും ദുരന്ത നഷ്ടപരിഹാരം ലഭിക്കും. സുപ്രീം കോടതി മുൻ ഉത്തരവുപ്രകാരമാണിതെന്നു റെയിൽവേ അധികൃതർ അറിയിച്ചു. യാത്രാടിക്കറ്റ് എടുത്തശേഷം ട്രെയിനിൽ കയറിയവർക്കു മാത്രമല്ല, ടിക്കറ്റില്ലാതെ യാത്ര ചെയ്തവർക്കും നഷ്ടപരിഹാരം ലഭിക്കുമെന്നു റെയിൽവേ വക്താവ് അമിതാഭ് ശർമ പറഞ്ഞു.

ഉറ്റവരെ കണ്ടെത്താൻ സ്കൗട്ട്സും ഗൈഡും

ട്രെയിനപകടത്തിൽ മരിച്ചവരുടെയും പരുക്കേറ്റവരുടെയും ബന്ധുക്കളെ കണ്ടെത്താൻ റെയിൽവേ ഒരുക്കിയിരിക്കുന്നതു വിപുലമായ സംവിധാനം. പരുക്കേറ്റ് ആശുപത്രിയിലുള്ള ഓരോരുത്തർക്കുമൊപ്പം സ്കൗട്, ഗൈഡ് പ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ നഷ്ടപ്പെട്ടതിനാൽ വീട്ടുകാരുമായി ബന്ധപ്പെടാനാകാത്ത അവസ്ഥയിലാണു പലരും. ബന്ധുക്കളുടെ യാത്രയും മറ്റു ചെലവുകളും റെയിൽവേ വഹിക്കും.

കിംവദന്തി പ്രചരിപ്പിച്ചാൽ നടപടി: പൊലീസ്

ഭുവനേശ്വർ∙ ട്രെയിൻ ദുരന്തവുമായി ബന്ധപ്പെട്ട് കിംവദന്തികളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ഒഡീഷ പൊലീസ് മുന്നറിയിപ്പു നൽകി. ദുരന്തത്തിനു വർഗീയനിറം നൽകി സാമുദായിക ഐക്യം തകർക്കാനുള്ള ശ്രമം ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നു പൊലീസ് അഭ്യർഥിച്ചു. സമൂഹമാധ്യമങ്ങളിലൂടെയുള്ള ദുഷ്പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലാണു പൊലീസിന്റെ ഇടപെടൽ.

Content Highlights: Odisha Balasore Train Accident, Coromandel Express

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com