തമിഴ്നാട്ടിൽ ജല്ലിക്കെട്ടിന് 44 കോടിയുടെ സ്റ്റേഡിയം; കാളകളെ പിടികൂടുന്ന വീരന്മാർക്ക് വിശ്രമമുറി, 30,000 ലീറ്റർ ജലസംഭരണി
Mail This Article
കുമളി ∙ തമിഴ്നാട്ടിലെ പ്രശസ്തമായ അളകാനല്ലൂർ ജല്ലിക്കെട്ടിനു പ്രത്യേക സ്റ്റേഡിയം പൂർത്തിയാകുന്നു. 66 ഏക്കർ സ്ഥലത്ത് 44.60 കോടി രൂപ ചെലവഴിച്ചാണു തമിഴ്നാട് സർക്കാർ സ്റ്റേഡിയം നിർമിക്കുന്നത്.
ഹൈവേയിൽ നിന്നു സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്കുള്ള റോഡിന് 22 കോടിയും മുടക്കുന്നുണ്ട്. മധുര ജില്ലയിലെ അളകാനല്ലൂരിനു സമീപമുള്ള കീഴക്കരൈ ഗ്രാമത്തിലാണു സ്റ്റേഡിയം ഒരുങ്ങുന്നത്. നിർമാണം ഡിസംബർ അവസാനത്തോടെ പൂർത്തിയാക്കാൻ രാപകൽ ജോലികൾ നടക്കുകയാണ്. ഇത്തവണ ജല്ലിക്കെട്ട് നടക്കുന്ന ജനുവരി 15നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചേക്കും.
ഡിണ്ടിഗൽ – മധുര ഹൈവേയിൽ വാടിപ്പട്ടിയിൽ നിന്ന് ഇടത്തേക്കു തിരിഞ്ഞ് ഈ ഗ്രാമത്തിലെത്താം. തമിഴ്നാടിന്റെ പൈതൃക കായികമത്സരമായ ജല്ലിക്കെട്ടിലേക്കു കൂടുതൽ ആളുകളെ ആകർഷിക്കാൻ പ്രത്യേക പരിപാടികൾ തയാറാക്കുമെന്നു സ്റ്റേഡിയം നിർമാണം വിലയിരുത്താനെത്തിയ മന്ത്രിമാരായ എ.വി.വേലു, പി.മൂർത്തി എന്നിവർ പറഞ്ഞു.
സ്റ്റേഡിയത്തിന്റെ പ്രത്യേകതകൾ
∙ വലിയ പ്രവേശനകവാടം
∙ മഴവെള്ളം ഒഴുകിപ്പോകുന്നതിനു പ്രത്യേക ക്രമീകരണം
∙ കൃത്രിമ പുൽത്തകിടി
∙ ശുദ്ധജല വിതരണത്തിന് 30,000 ലീറ്റർ സംഭരണശേഷിയുള്ള ടാങ്ക്
∙ കാളകളെ പിടികൂടാൻ എത്തുന്ന വീരന്മാർക്കും കാളകളുടെ ഉടമകൾക്കും വിശ്രമത്തിനുള്ള മുറികൾ
∙ മൃഗാശുപത്രി
∙ ജല്ലിക്കെട്ടിന്റെ ചരിത്രം മ്യൂസിയം, മിനി തിയറ്റർ