സാഗരിക ഘോഷ് രാജ്യസഭയിലേക്ക്; ജയ ബച്ചന്‍ വീണ്ടും
Mail This Article
ന്യൂഡൽഹി ∙ മാധ്യമപ്രവർത്തക സാഗരിക ഘോഷ്, മുതിർന്ന നേതാവ് സുഷ്മിത ദേവ് എന്നിവർ തൃണമൂൽ കോൺഗ്രസിന്റെ രാജ്യസഭാംഗങ്ങളാകും. സമാജ്‌വാദി പാർട്ടിയുടെ പ്രതിനിധിയായി ബോളിവുഡ് താരം ജയ ബച്ചൻ വീണ്ടും രാജ്യസഭയിലെത്തിയേക്കും. ഇക്കുറി രാജ്യസഭാ കാലാവധി പൂർത്തിയാക്കിയ ജയ ബച്ചൻ നാളെ നാമനിർദേശ പത്രിക നൽകുമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
ബംഗാളിൽ ഒഴിവുള്ള 5 സീറ്റുകളിൽ നാലെണ്ണത്തിൽ തൃണമൂലിനു വിജയിക്കാനാകും. നിലവിലുള്ള എംപിമാരിൽ മുഹമ്മദ് നദീമുൽ ഖക്കിനു മാത്രമാണു സീറ്റ് അനുവദിച്ചിട്ടുള്ളത്.
മുൻ ലോക്സഭാംഗം മമത ബല ഠാക്കൂറാണു നാലാമത്തെ സീറ്റിൽ തൃണമൂൽ അംഗമായി രാജ്യസഭയിലെത്തുക. കോൺഗ്രസിന്റെ കൈവശമുണ്ടായിരുന്ന അഞ്ചാമത്തെ സീറ്റ് ഇക്കുറി ബിജെപിക്കാണ് വിജയസാധ്യത. സാമിക് ഭട്ടാചാര്യയാണ് ഈ സീറ്റിൽ ബിജെപി സ്ഥാനാർഥി.
സാഗരിക ഘോഷ് ഇതുവരെ ഔദ്യോഗികമായി തൃണമൂൽ അംഗമായിട്ടില്ല. മുൻ ലോക്സഭാംഗമായ സുഷ്മിത ദേവ് മുൻപു മഹിളാ കോൺഗ്രസ് ദേശീയ പ്രസിഡന്റുമായിരുന്നു. 2021ൽ ആണു തൃണമൂലിലെത്തിയത്. 2021 ഒക്ടോബർ മുതൽ 2023 ഓഗസ്റ്റ് വരെ രാജ്യസഭാംഗവുമായിരുന്നു.
മുൻ കേന്ദ്രമന്ത്രി ആർ.പി.എൻ. സിങ്, ഹരിയാന ബിജെപി മുൻ അധ്യക്ഷൻ സുഭാഷ് ബരാല എന്നിവരുൾപ്പെടെ 14 സ്ഥാനാർഥികളെ ബിജെപിയും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യസഭയിൽ ഒഴിവു വന്ന 56 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് 27ന് ആണു നടക്കുക. മാധ്യമപ്രവർത്തകനായ രാജീവ് സർ ദേശായിയാണ് സാഗരിക ഘോഷിന്റെ ഭർത്താവ്.