ADVERTISEMENT

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള പരാമർശം കേന്ദ്രസർക്കാരിനെ ചൊടിപ്പിച്ചതിനു പിന്നാലെ ഗൂഗിൾ എഐ പ്ലാറ്റ്ഫോമായ ജെമിനി 'വിവാദ മറുപടി' നീക്കി. നരേന്ദ്ര മോദി ഫാഷിസ്റ്റ് ആണോയെന്ന ചോദ്യത്തിന് കഴിഞ്ഞ ദിവസം നൽകിയ മറുപടിയിയാണു കേന്ദ്രത്തിന് നീരസമുണ്ടാക്കിയത്. 

പക്ഷപാതപരമായ മറുപടി നൽകിയെന്ന് ആരോപിച്ച് ഐടി മന്ത്രാലയം ഗൂഗിളിന് നോട്ടിസ് അയയ്ക്കാൻ തീരുമാനിച്ചിരുന്നു. മോദിയെ സംബന്ധിച്ച ചോദ്യത്തിന്, അദ്ദേഹം നടപ്പാക്കിയ നയങ്ങൾ ഫാഷിസ്റ്റ് സ്വഭാവമുള്ളതാണെന്ന് വിദഗ്ധർ വിലയിരുത്തിയിട്ടുണ്ടെന്ന മറുപടിയാണു ജെമിനി നൽകിയത്. ബിജെപിയുടെ ഹൈന്ദവ ദേശീയത, മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ എന്നിവ മറുപടിയിൽ പരാമർ‌ശിക്കുകയും ചെയ്തിരുന്നു. 

ഇന്നലെ മുതൽ ഇതേ ചോദ്യത്തിന് 'ലാംഗ്വേജ് മോഡൽ എന്ന നിലയിൽ ഇതിന് ഉത്തരം നൽകാൻ കഴിയില്ല' എന്നാണ് പുതിയ മറുപടി. വിശ്വാസയോഗ്യമല്ലാത്ത എഐ പ്ലാറ്റ്ഫോമുകളുടെ പരീക്ഷണ വസ്തുവായി പൗരന്മാരെ മാറ്റരുതെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഇന്നലെ പറഞ്ഞു. 

വിവാദം മുൻപും

ബിജെപി അനുകൂല മാധ്യമമായ ഓപ്ഇന്ത്യ (OpIndia) വിശ്വസനീയമായ വാർത്താസ്രോതസ്സ് അല്ലെന്ന ഗൂഗിൾ എഐ പ്ലാറ്റ്ഫോമിന്റെ മറുപടിക്കെതിരെയും കേന്ദ്രം മുൻപു രൂക്ഷമായി പ്രതികരിച്ചിരുന്നു. 

സംഭവം വിവാദമായതോടെ വിശദീകരണവുമായി അന്നും ഗൂഗിൾ രംഗത്തെത്തി. ബാർഡിന്റെ മറുപടി ചിലപ്പോൾ ശരിയാകണമെന്നില്ലെന്നും, ഇത്തരം മറുപടികൾ ഗൂഗിളിന്റെ വീക്ഷണം പ്രതിഫലിപ്പിക്കുന്നതല്ല എന്നുമായിരുന്നു വിശദീകരണം. 

English Summary:

Google removed the controversial answer for the question, Is Modi a Fascist?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com