2ജി വിവാദം: സിബിഐ അപ്പീലിൽ വാദം കേൾക്കാമെന്ന് ഡൽഹി ഹൈക്കോടതി
Mail This Article
ന്യൂഡൽഹി ∙ 2ജി സ്പെക്ട്രം അഴിമതി കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ നൽകിയ അപ്പീലിൽ വാദം കേൾക്കാമെന്നു ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. ബന്ധപ്പെട്ട രേഖകളും വിചാരണക്കോടതിവിധിയുമെല്ലാം പരിശോധിച്ചുവെന്നും സിബിഐയുടെ അപ്പീൽ പ്രഥമദൃഷ്ട്യാ പരിഗണിക്കാൻ യോഗ്യമാണെന്നും കോടതി വ്യക്തമാക്കി.
‘അതിസാങ്കേതികതയുടെ പേരിൽ ആർക്കും നീതി നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയാണു കോടതികളുടെ ചുമതല. നീതിനിർവഹണത്തിൽ കോടതികളിൽ നിന്നു സമൂഹത്തിനു ചില പ്രതീക്ഷയുണ്ട്. തികച്ചും സാങ്കേതികമായ സമീപനത്തിലൂടെ ഇത്തരം വിശ്വാസമോ പ്രതീക്ഷയോ ഇല്ലാതാക്കുന്നത് അനുവദിക്കാനാവില്ല’– ജസ്റ്റിസ് ദിനേശ് കുമാർ ശർമ പറഞ്ഞു.
പ്രതികളായിരുന്ന മുൻ കേന്ദ്ര ടെലികോം മന്ത്രി എ.രാജ, ഡിഎംകെ എംപി കനിമൊഴി ഉൾപ്പെടെയുള്ള 17 പേരെ കുറ്റവിമുക്തരാക്കി 2017 ഡിസംബർ 21നാണു പ്രത്യേക കോടതി ഉത്തരവിട്ടത്. ഇതിനെതിരെ 2018 മാർച്ച് 19ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും തൊട്ടടുത്ത ദിവസം സിബിഐയും ഹൈക്കോടതിയിൽ അപ്പീൽ നൽകി.