ബെംഗളൂരു കഫെ സ്ഫോടനം: മുഖ്യപ്രതികൾ അറസ്റ്റിൽ
Mail This Article
ബെംഗളൂരു ∙ രാമേശ്വരം കഫെ സ്ഫോടനത്തിലെ മുഖ്യ പ്രതികളെ കൊൽക്കത്തയ്ക്കു സമീപം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. മുഖ്യ ആസൂത്രകനായ അബ്ദുൽ മത്തീൻ അഹമ്മദ് താഹ (30), കഫെയിൽ സ്ഫോടകവസ്തു സ്ഥാപിച്ച മുസ്സാവിർ ഹുസൈൻ ഷസീബ് (30) എന്നിവരാണ് അറസ്റ്റിലായത്. കേന്ദ്ര ഇന്റലിജൻസ് ഏജൻസികളും ബംഗാൾ, കർണാടക, തെലങ്കാന,കേരള പൊലീസും സഹകരിച്ചാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ 10 ലക്ഷം രൂപ വീതം പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
രാജ്യത്ത് വിവിധ സ്ഥലങ്ങളിൽ സ്ഫോടനം നടത്താൻ ലക്ഷ്യമിട്ട ഐഎസ് റിക്രൂട്മെന്റ് കേസിലെ പ്രതികൾ കൂടിയാണിവർ. 2020 ഒക്ടോബറിൽ മംഗളൂരുവിൽ തീവ്രവാദ അനുകൂല ചുവരെഴുത്തു നടത്തിയതിനും 2022 ഒക്ടോബറിൽ മംഗളൂരു ഗാരോഡിൽ ഓട്ടോറിക്ഷയിൽ പ്രഷർകുക്കർ ബോംബ് പൊട്ടിയ കേസിലും ഇവർ ഉൾപ്പെട്ടിട്ടുണ്ട്. 4 വർഷമായി പല സംസ്ഥാനങ്ങളിലായി വ്യാജ പേരുകളിൽ ഒളിവിൽ കഴിയുകയായിരുന്നു. കഫെയിൽ ബോംബ് സ്ഥാപിച്ചയാൾക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയ മറ്റൊരു പ്രതി ചിക്കമഗളൂരു സ്വദേശി മുസമിൽ ഷെരീഫിനെ കഴിഞ്ഞ മാസം എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നാണ് മുഖ്യപ്രതികളുടെ ഒളിയിടത്തെക്കുറിച്ചു സൂചന ലഭിച്ചത്. മാർച്ച് ഒന്നിന് ബ്രൂക്ഫീൽഡിലെ രാമേശ്വരം കഫെയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ 10 പേർക്കു പരുക്കേറ്റിരുന്നു.