വിവാദപ്രസംഗം ന്യായീകരിച്ച് ജസ്റ്റിസ് യാദവ്

Mail This Article
ന്യൂഡൽഹി ∙ വിശ്വ ഹിന്ദു പരിഷത്തിന്റെ ചടങ്ങിൽ പങ്കെടുത്തു നടത്തിയ വിവാദപ്രസംഗത്തെ അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ശേഖർ കുമാർ യാദവ് ന്യായീകരിച്ചു. ജഡ്ജിയെന്ന നിലയിലുള്ള പെരുമാറ്റത്തെ ബാധിക്കുന്നതല്ല തന്റെ വാക്കുകളെന്നും അതു ഭരണഘടനാ മൂല്യങ്ങളോടു ചേർന്നു പോകുന്നതാണെന്നും അദ്ദേഹം ഹൈക്കോടതി ചീഫ് ജസ്റ്റിസിനെഴുതിയ കത്തിൽ വ്യക്തമാക്കി. നിക്ഷിപ്ത താൽപര്യക്കാർ വാക്കുകളെ വളച്ചൊടിക്കുകയായിരുന്നുവെന്നാണ് ജസ്റ്റിസ് ശേഖർ പറയുന്നത്.
-
Also Read
മതനിരപേക്ഷ സഖ്യം ശക്തമാക്കണം: സിപിഎം
ഹിന്ദുക്കളാകുന്ന ഭൂരിപക്ഷത്തിന്റെ താൽപര്യത്തിന് അനുസരിച്ചാണ് ഇന്ത്യ പ്രവർത്തിക്കേണ്ടതെന്നു പറഞ്ഞ അദ്ദേഹം, മുസ്‌ലിംകൾക്കെതിരെ രൂക്ഷമായ വിദ്വേഷ പരാമർശങ്ങൾ നടത്തിയതു വിവാദമായിരുന്നു. ഇതിനു പിന്നാലെ സുപ്രീം കോടതി കൊളീജിയം ശേഖറിനെ വിളിപ്പിച്ചു വിശദീകരണം തേടി.
രാജ്യസഭയിൽ കപിൽ സിബലിന്റെ നേതൃത്വത്തിൽ കുറ്റവിചാരണയ്ക്ക് (ഇംപീച്മെന്റ്) നോട്ടിസും നൽകി. ശേഖറിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ സിബിഐയോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിലെ 13 സീനിയർ അഭിഭാഷകർ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് കത്തയച്ചു.
അതേസമയം, കുംഭമേളയോട് അനുബന്ധിച്ച് 22ന് രാം മന്ദിർ ആന്ദോളൻ എന്ന സംഘടന നടത്താനിരുന്ന സെമിനാറിൽ ശേഖർ പങ്കെടുക്കില്ലെന്ന് സംഘാടകർ അറിയിച്ചു. അന്ന് പ്രവൃത്തി ദിവസമായതിനാൽ അദ്ദേഹം അസൗകര്യം അറിയിച്ചതായി സംഘാടകർ പറഞ്ഞു.