വോട്ടർ പട്ടികയിൽ കൃത്രിമമെന്ന് ആരോപണം; ബിജെപിയും തൃണമൂലും തുറന്ന പോരിലേക്ക്

Mail This Article
കൊൽക്കത്ത ∙ ബംഗാളിൽ ഹിന്ദു അഭയാർഥികളെയും ഭാഷാ ന്യൂനപക്ഷങ്ങളെയും വോട്ടർ പട്ടികയിൽനിന്നു നീക്കം ചെയ്യാനാണ് തൃണമൂൽ കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി. തൃണമൂൽ കോൺഗ്രസ് വീടുകൾ കയറി വോട്ടർ പട്ടിക പരിശോധിക്കാൻ തുടങ്ങിയ സാഹചര്യത്തിൽ പ്രചാരണങ്ങളുമായി ബിജെപിയും രംഗത്തെത്തി. ആരുടെയെങ്കിലും പേര് നീക്കം ചെയ്തിട്ടുണ്ടെങ്കിൽ തിരഞ്ഞെടുപ്പു കമ്മിഷനെയോ പാർട്ടി നേതാക്കളെയോ ബന്ധപ്പെടാമെന്ന് ബിജെപി പറഞ്ഞു.
തിരഞ്ഞെടുപ്പു കമ്മിഷന്റെ സഹായത്തോടെ വോട്ടർ പട്ടികയിൽ ബിജെപി കൃത്രിമത്വം കാണിക്കുന്നതായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് ആദ്യം ആരോപണം ഉന്നയിച്ചത്. മറ്റു സംസ്ഥാനങ്ങളിലെ വരെ വോട്ടർമാരെ ബംഗാളിലും ഉൾപ്പെടുത്തിയതായി മമത ആരോപിച്ചു. തുടർന്നാണ് തൃണമൂൽ കോൺഗ്രസ് വീടുകൾ കയറിയിറങ്ങി പ്രചാരണം ആരംഭിച്ചത്. കൊൽക്കത്ത മേയറും മന്ത്രിയുമായ ഫിർഹാദ് ഹക്കീമിന്റെ നേതൃത്വത്തിൽ ഭവാനിപുരിൽ അനവധി വീടുകളിൽ സന്ദർശനം നടത്തി.
വോട്ടർ പട്ടികയിൽ കൃത്രിമത്വം ഇല്ലെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ കമ്മിഷന്റെ വിശദീകരണം തൃപ്തികരമല്ലെന്നും തിരുത്തലുകൾ ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും തൃണമൂൽ കോൺഗ്രസും അറിയിച്ചിട്ടുണ്ട്.
തൃണമൂലിന്റെ ആജ്ഞാനുവർത്തികളായ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തൃണമൂൽ കോൺഗ്രസുകാർ അല്ലാത്തവരെ വോട്ടർ പട്ടികയിൽനിന്നു നീക്കം ചെയ്യാൻ. ശ്രമിക്കുകയാണെന്നും ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആവശ്യപ്പെട്ടു.