ADVERTISEMENT

തിരുവനന്തപുരം ∙ ബിജെപി സംസ്ഥാന നേതൃത്വത്തെ നിശിതമായി വിമർശിച്ചു വനിതാ നേതാവും സംസ്ഥാന വൈസ് പ്രസിഡന്റുമായ ശോഭാ സുരേന്ദ്രൻ കേന്ദ്രനേതൃത്വത്തിനു കത്തു നൽകി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ പേരെടുത്തു ശോഭ ആക്രമിച്ചു. തനിക്കെതിരെയുള്ള വ്യക്തിഹത്യയെക്കുറിച്ചു പാർട്ടി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, കേന്ദ്രമന്ത്രി അമിത് ഷാ, ബിജെപി ദേശീയ ജനറൽ സെക്രട്ടറിമാർ എന്നിവർക്കാണു കത്തു നൽകിയത്. പാ‍ർട്ടിക്കുള്ളിൽ ശക്തി സമാഹരണത്തിനുള്ള നീക്കവും ശോഭ തുടങ്ങി. പ്രമുഖ വനിതാ നേതാവ് കലാപക്കൊടി ഉയർത്തിയതോടെ പാർട്ടിയിൽ ആഭ്യന്തര സംഘർഷം പുകയുന്നു.

അഞ്ചുവർഷം ദേശീയ നിർവാഹക സമിതി അംഗവും സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന തന്നെ ഏകപക്ഷീയമായി വൈസ് പ്രസിഡന്റായി തരം താഴ്ത്തുകയായിരുന്നുവെന്നു കത്തിൽ ശോഭ കുറ്റപ്പെടുത്തി. സുരേന്ദ്രനുള്ള വ്യക്തി വൈരാഗ്യമാണ് ഇതിനു കാരണം. വ്യക്തിപരമായ അകൽച്ചയുടെ കാരണത്തെക്കുറിച്ചും കത്തിൽ വിശദമാക്കുന്നു. ജനറൽ സെക്രട്ടറി പദത്തിൽ നിന്നു തനിക്കൊപ്പം ഒഴിവാക്കിയ എ.എൻ.രാധാകൃഷ്ണനെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയപ്പോൾ തന്നെ ആ വേദിയിൽ നിന്നു പുറത്താക്കി. ദേശീയ നിർവാഹകസമിതി അംഗം കൂടിയായ ഒരാളുടെ പദവി മാറ്റം മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ചു വേണമെന്നിരിക്കെ ഒ. രാജഗോപാൽ അടക്കമുള്ളവരോട് ചർച്ച ചെയ്തില്ല. തന്നെ ഫോണിൽ വിളിച്ചുപോലും ചോദിച്ചില്ല.

ജനറൽ സെക്രട്ടറി പദത്തിൽ നിന്ന് ഒഴിവാക്കിയോയെന്നു ചോദിച്ചപ്പോൾ ‘യോഗ്യതയുടെ അടിസ്ഥാനത്തിലാണു ഭാരവാഹികളെ നിശ്ചയിച്ചത്’ എന്നാണു സുരേന്ദ്രൻ പ്രതികരിച്ചത്. സഹഭാരവാഹിയായ തനിക്കു യോഗ്യതയില്ലെന്നു പരസ്യമായി പറയുന്നത് അച്ചടക്ക ലംഘനമല്ലേ? പി.എസ്. ശ്രീധരൻപിള്ള പ്രസിഡന്റായിരുന്നപ്പോൾ 2004 ൽ വൈസ് പ്രസിഡന്റായ തന്റെ രാഷ്ട്രീയ ജീവിതത്തെ 16 വർഷം പിറകിലേക്കു കൊണ്ടുപോകുകയാണു അതേ പദവി നൽകി സുരേന്ദ്രൻ ചെയ്തത്. എന്നിട്ടും എട്ടുമാസമായി മൗനം പാലിക്കുകയും പാർട്ടിക്കെതിരെ ഒരു വാക്ക് പറയാതെ നോക്കുകയും ചെയ്തു. അപ്പോൾ നവമാധ്യമങ്ങളെ ഉപയോഗിച്ചു ചിലർ വ്യക്തിഹത്യ നടത്തി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വന്തം ജില്ലയിലെ പാലക്കാട് മണ്ഡലത്തിൽ മത്സരിക്കാൻ ആഗ്രഹിച്ച തന്നെ ആറ്റിങ്ങലിലേക്കു നാടു കടത്തിയതു സുരേന്ദ്രനും കേന്ദ്രമന്ത്രി വി.മുരളീധരനും ചേർന്നാണെന്നും കത്തിൽ ശോഭ ആരോപിച്ചു.

പാർട്ടിക്കകത്തു നിന്നു നേതൃത്വത്തിനെതിരെ ശബ്ദിക്കാനാണു തൽക്കാലം ശോഭയുടെ തീരുമാനമെന്നാണു വിവരം. മുതിർന്ന നേതാക്കളായ കെ.പി.ശ്രീശൻ, പി.എം.വേലായുധൻ തുടങ്ങിയവരുമായി ബന്ധപ്പെട്ട് അസംതൃപ്തരുടെ ഐക്യത്തിനുള്ള ശ്രമവും അവർ തുടങ്ങി.

English Summary: Sobha Surendran Against K Surendran

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com