സി.എ.കുര്യൻ അന്തരിച്ചു

Mail This Article
മൂന്നാർ (ഇടുക്കി) ∙ മുതിർന്ന ട്രേഡ് യൂണിയൻ നേതാവും മുൻ ഡപ്യൂട്ടി സ്പീക്കറും സിപിഐ നേതാവുമായ സി.എ.കുര്യൻ (87) അന്തരിച്ചു. സിപിഐ ദേശീയ കൺട്രോൾ കമ്മിഷൻ അംഗമാണ്. മൂന്നാറിലെ ടാറ്റ ടീ ജനറൽ ആശുപത്രിയിൽ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം.
ചെമ്പിലായിൽ ഏബ്രഹാം – മറിയാമ്മ ദമ്പതികളുടെ മകനായി കോട്ടയം പുതുപ്പള്ളി ഇരവിനല്ലൂരിൽ ജനിച്ചു. പീരുമേട് മണ്ഡലത്തിൽ നിന്നു നിയമസഭയിലേക്ക് 7 തവണ മത്സരിച്ചു. 3 തവണ വിജയിച്ചു. മൂന്നാം ഇ.കെ.നായനാർ മന്ത്രിസഭയുടെ കാലത്ത് പത്താം കേരള നിയമസഭയിൽ (1996–2001) ഡപ്യൂട്ടി സ്പീക്കർ ആയിരുന്നു. 1984ൽ ഇടുക്കിയിൽ നിന്നു ലോക്സഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ജോലി നേടിയെങ്കിലും 1960ൽ രാജിവച്ച് ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിൽ സജീവമായി. രാഷ്ട്രീയ കേസുകളിൽ പെട്ട് 44 മാസം വിയ്യൂർ അടക്കമുള്ള വിവിധ ജയിലുകളിൽ തടവിൽ കഴിഞ്ഞിട്ടുണ്ട്. സംസ്കാരം ഇന്നു വൈകിട്ട് 4ന് മൂന്നാർ സിപിഐ മണ്ഡലം കമ്മിറ്റി ഓഫിസ് പരിസരത്ത് നടത്തും. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ഷിബു, ഷെറിൻ, ഷാജി
Content Highlights: CA Kurian passes away