ADVERTISEMENT

തിരുവനന്തപുരം ∙ സിപിഎമ്മിലെ വി.ശിവദാസനും ജോൺ ബ്രിട്ടാസും മുസ്‌ലിം ലീഗിലെ പി.വി. അബ്ദുൽ വഹാബും രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിൽ നിന്നുള്ള 3 സീറ്റിലേക്കു നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയം ഇന്നലെ കഴിഞ്ഞപ്പോൾ മറ്റു സ്ഥാനാർഥികൾ ഇല്ലാത്തതിനാൽ മൂവരുടെയും വിജയം പ്രഖ്യാപിച്ചു. വിജയിച്ചതിന്റെ സർട്ടിഫിക്കറ്റ് വരണാധികാരി കൂടിയായ നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണിക്കൃഷ്ണൻ നായർ കൈമാറി. 

10 എംഎൽഎമാരുടെ പിന്തുണക്കത്ത് നൽകാത്ത സാഹചര്യത്തിൽ തമിഴ്നാട് സ്വദേശി കെ.പത്മരാജന്റെ പത്രിക സൂക്ഷ്മപരിശോധനയിൽ തള്ളിയിരുന്നു. 3 സീറ്റിലേക്കു 3 പേർ മാത്രമായതോടെ 30 ലെ വോട്ടെടുപ്പ് ഒഴിവായി. കെ.കെ. രാഗേഷ്, വയലാർ രവി, പി.വി. അബ്ദുൽ വഹാബ് എന്നിവരുടെ രാജ്യസഭാംഗത്വ കാലാവധി 21ന് അവസാനിച്ചതിനെത്തുടർന്നാണു തിരഞ്ഞെടുപ്പു നടന്നത്.

വഹാബ് മൂന്നാം തവണയാണു രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്. എസ്എഫ്ഐ മുൻ ദേശീയ പ്രസിഡന്റ് ശിവദാസൻ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കെഎസ്ഇബി സ്വതന്ത്ര ഡയറക്ടറുമാണ്. കൈരളി ടിവി മാനേജിങ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ജോൺ ബ്രിട്ടാസ്, മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവായിരുന്നു.

കോടതി ഇടപെട്ടാൽ തകിടം മറിയും: കമ്മിഷൻ

കൊച്ചി ∙ വിജ്ഞാപനം പുറപ്പെടുവിച്ചു രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെ കോടതി ഇടപെട്ടാൽ എല്ലാം തകിടംമറിയുമെന്നു കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചു. പുതിയ എംഎൽഎമാർ വരുന്നതിനു മുൻപു കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങളുടെ തിരഞ്ഞെടുപ്പു നടത്തണമെന്ന സിംഗിൾ ജഡ്ജിയുടെ ഉത്തരവു ചോദ്യം ചെയ്തുള്ള അപ്പീൽ മധ്യവേനലവധിക്കു ശേഷം പരിഗണിക്കാൻ മാറ്റി.

English Summary: Abdul Wahab, John Brittas, V Sivadasan elected to Rajyasabha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com