4 രാജകീയ വൃക്ഷങ്ങൾ മുറിക്കാൻ അനുവാദം നൽകിയിട്ടില്ല: മന്ത്രി രാജൻ

Mail This Article
തിരുവനന്തപുരം ∙ 1964ലെ ഭൂപതിവു ചട്ടപ്രകാരമുള്ള പട്ടയഭൂമിയിൽ നിന്നു മരം മുറിക്കാൻ അനുവാദം നൽകുന്ന ഉത്തരവിൽ 4 രാജകീയ വൃക്ഷങ്ങൾ മുറിക്കാൻ അനുവാദം നൽകിയിട്ടില്ലെന്നു മന്ത്രി കെ.രാജൻ പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബർ 24ലെ ഉത്തരവിൽ പിഴവുണ്ടെന്ന് റവന്യു അഡീഷനൽ ചീഫ് സെക്രട്ടറിയുടെ കത്തിൽ പറഞ്ഞിട്ടില്ല. സർക്കാരിന്റെ മരങ്ങൾ മുറിച്ചിട്ടുണ്ടെങ്കിൽ തെറ്റായ നടപടിയാണ്. അത് ഉത്തരവിനെ ദുർവ്യാഖ്യാനം ചെയ്തതാണ്.
തെറ്റായ രേഖകൾ നൽകിയതിനാണു വയനാട്ടിലെ മരംമുറി സംഭവത്തിൽ വില്ലേജ് ഓഫിസറെ സസ്പെൻഡ് ചെയ്തത്. വിശദ പരിശോധനയുടെ അടിസ്ഥാനത്തിൽ റവന്യു വകുപ്പ് നടപടി സ്വീകരിക്കും. നിലവിൽ നടത്തിയതു പ്രാഥമിക പരിശോധന മാത്രമാണ്. റവന്യു വകുപ്പിന് വയനാട് സംഭവത്തിൽ വീഴ്ചയില്ല. സർക്കാർ ഉത്തരവു തെറ്റാണെങ്കിൽ പൊതുമുതൽ നശിപ്പിക്കുന്നതു തടയുന്ന നിയമപ്രകാരം കേസെടുക്കാൻ വകുപ്പ് നിർദേശിക്കില്ലല്ലോ. പട്ടിക വിഭാഗങ്ങൾക്കു നേരെയുള്ള അതിക്രമങ്ങൾ തടയൽ നിയമപ്രകാരവും ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നീ വകുപ്പുകൾ പ്രകാരവും കേസെടുക്കാൻ നിർദേശിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
ഉത്തരവ് വ്യാഖ്യാനിക്കാൻ റവന്യു വിദ്യാഭ്യാസം
തിരുവനന്തപുരം ∙ റവന്യു വകുപ്പുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ഉത്തരവുകളും വ്യാഖ്യാനിച്ചു മനസ്സിലാക്കാൻ ഉദ്യോഗസ്ഥർക്കു റവന്യു വിദ്യാഭ്യാസം നിർബന്ധമാക്കുമെന്നു മന്ത്രി കെ.രാജൻ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിനെ ഉപയോഗപ്പെടുത്തി വില്ലേജ് ഓഫിസർമാർ മുതൽ ഡപ്യൂട്ടി കലക്ടർമാർ വരെയുള്ളവർക്കാണ് ഇങ്ങനെ വിദ്യാഭ്യാസം നൽകുക. പൊതുജനങ്ങളുമായുള്ള പെരുമാറ്റം കൂടി റവന്യു വിദ്യാഭ്യാസത്തിന്റെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
English Summary: K. Rajan on tree felling controversy