ADVERTISEMENT

ആലുവ ∙ ‘പപ്പാ.. പാച്ചാ, സോറി, എന്നോടു ക്ഷമിക്കണം, നിങ്ങൾ പറഞ്ഞതാണു ശരി, അവൻ ശരിയല്ല, പറ്റുന്നില്ല ഇവിടെ ജീവിക്കാൻ, ഞാൻ ഈ ലോകത്ത് ആരെക്കാളും സ്നേഹിച്ച ഒരാൾ ഇങ്ങനെ പറയുന്നതു കേൾക്കാൻ ശക്തിയില്ല’ ജീവനൊടുക്കുന്നതിനു മുൻപു നിയമ വിദ്യാർഥിനി മൊഫിയ പർവീൺ പിതാവിനും മാതാവിനുമായി എഴുതിവച്ച ആത്മഹത്യാക്കുറിപ്പിന്റെ തുടക്കം ഇങ്ങനെയാണ്. 

‘അവർ അനുഭവിക്കും, എന്റെ റൂഹ് ഇവിടെത്തന്നെയുണ്ടാകും. ഞാൻ ഒരുപാടായി സഹിക്കുന്നു. സുഹൈൽ, എന്റെ പ്രാക്ക് എന്നും നിനക്ക് ഉണ്ടാകും, പടച്ചോൻ പോലും നിന്നോടു പൊറുക്കില്ല. അവസാനമായി അവന്റെ കരണത്ത് ഒന്നു കൊടുക്കാൻ പറ്റി. അതെങ്കിലും ചെയ്തില്ലെങ്കിൽ എന്റെ മനസ്സാക്ഷിയോടു ചെയ്യുന്ന വലിയ തെറ്റായിപ്പോകും’. മൊഫിയ കത്തിൽ പറയുന്നു. ‘ഇൻസ്പെക്ടർക്കെതിരെ നടപടിയെടുക്കണം. സുഹൈലും അയാളുടെ മാതാപിതാക്കളും ക്രിമിനലുകളാണ്. അവർക്കു പരമാവധി ശിക്ഷ കൊ‌ടുക്കണം. എന്റെ അവസാനത്തെ ആഗ്രഹം’ എന്നു പറഞ്ഞാണു കത്ത് അവസാനിക്കുന്നത്.

‘മൈലാഞ്ചിയുടെ രാജകുമാരി’

ആലുവ ∙ ‘മൈലാഞ്ചിയുടെ രാജകുമാരി’ എന്നാണു മൊഫിയ പർവീൺ കൂട്ടുകാർക്കിടയിലും ബന്ധുക്കൾക്കിടയിലും അറിയപ്പെട്ടിരുന്നത്. ഏതു ഡിസൈൻ പറ‍ഞ്ഞാലും അതു ഞൊടിയിടയിൽ കൈകാലുകളിൽ മൈലാഞ്ചിയിട്ടു പകർത്തി നൽകാൻ വിദഗ്ധയായിരുന്നു. ഈ കഴിവു കണ്ടറിഞ്ഞവർ വിവാഹാഘോഷങ്ങളിലും മറ്റും മെഹന്തിയിടുന്നതിനു മൊഫിയയെ വിളിക്കാറുണ്ട്. ഇതോടൊപ്പം   ഉപയോഗശൂന്യമായ വസ്തുക്കൾ ഉപയോഗിച്ചു കരകൗശല വസ്തുക്കൾ നിർമിക്കുന്നതിലും വിദഗ്ധയായിരുന്നു. ഈ ഹോബികളിലൂടെയാണു മൊഫിയ പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. കലാകായിക മത്സരങ്ങളിലും മറ്റുമായി ഒട്ടേറെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. 

മോഫിയ പർവീൻ
മോഫിയ പർവീൻ

ചുമതലയിൽ നിന്നു മാറ്റി

ആലുവ ∙ മൊഫിയ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആലുവ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നു ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു. റിപ്പോർട്ട് ലഭിച്ചതിനു ശേഷം മറ്റു നിയമ ന‌ടപ‌ടികളെക്കുറിച്ചു തീരുമാനിക്കുമെന്നും  വ്യക്തമാക്കി. ആത്മഹത്യാക്കുറിപ്പിൽ ആരോപണ വിധേയനായ ഇൻസ്പെക്ടർ സുധീറിനെ സ്റ്റേഷൻ ചുമതലയിൽ നിന്നു മാറ്റി. 

 നടപടി  ആവശ്യപ്പെട്ടു സഹപാഠികൾ വനിതാ കമ്മിഷനു പരാതി നൽകി. വനിതാ കമ്മിഷൻ അധ്യക്ഷ പി.സതിദേവിയും കമ്മിഷനംഗം ഷിജി ശിവജിയും മൊഫിയ പർവീണിന്റെ വീട് സന്ദർശിച്ചു. ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്യണമെന്നാശ്യപ്പെട്ടു യൂത്ത്കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി  മാർച്ച് നടത്തി.

റിപ്പോർട്ട് തേടി

കൊച്ചി∙ ഈ സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് അനാസ്ഥയുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നു വനിതാ കമ്മിഷൻ അറിയിച്ചു. ഇതു സംബന്ധിച്ചു ഡിവൈഎസ്പിയോടു റിപ്പോർട്ട് തേടിയതായും അധ്യക്ഷ പി. സതീദേവി അറിയിച്ചു.

Content Highlight: Mofia Parveen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com