സിവിക്കിന് മുൻകൂർ ജാമ്യം നൽകിയതിന് എതിരായ ഹർജിയിൽ കക്ഷി ചേർന്ന് ദേശീയ വനിത കമ്മിഷൻ

Mail This Article
കൊച്ചി ∙ ലൈംഗികാതിക്രമ കേസിൽ സിവിക് ചന്ദ്രന് കോഴിക്കോട് സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ ദേശീയ വനിത കമ്മിഷൻ കക്ഷി ചേർന്നു.
2020 ഫെബ്രുവരി 8നു നടന്ന ക്യാംപിനു ശേഷം പരാതിക്കാരി കടൽത്തീരത്തു വിശ്രമിക്കുമ്പോൾ സിവിക് ചന്ദ്രൻ അപമര്യാദയായി പെരുമാറിയെന്നാണു പരാതി. 2022 ജൂലൈ 29ന് നൽകിയ പരാതിയിൽ കൊയിലാണ്ടി പൊലീസ് കേസെടുത്തെങ്കിലും ഓഗസ്റ്റ് 2ന് മുൻകൂർ ജാമ്യം അനുവദിച്ചു. ജാമ്യം അനുവദിച്ചുള്ള ഉത്തരവിൽ പറഞ്ഞിരിക്കുന്ന കാരണങ്ങൾ യുക്തിക്കു നിരക്കാത്തതും അനുചിതവുമാണെന്നു വനിതാ കമ്മിഷനു വേണ്ടി സീനിയർ റിസർച് ഓഫിസർ അശുതോഷ് പാണ്ഡെ നൽകിയ ഹർജിയിൽ പറയുന്നു.
പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാൽ ലൈംഗികാതിക്രമക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് പരാമർശിച്ചാണു മുൻകൂർ ജാമ്യം അനുവദിച്ചത്. സ്ത്രീ സമൂഹത്തെ മുഴുവൻ ബാധിക്കുന്ന പരാമർശങ്ങളാണു നടത്തിയതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കപ്പെടേണ്ടതും പരാമർശങ്ങൾ നീക്കം ചെയ്യേണ്ടതുമാണെന്നു ഹർജിയിൽ അറിയിച്ചു. കോടതി ഉത്തരവിന്റെ ഭാഗമായി ഇത്തരമൊരു പരാമർശം തുടരുന്നത് സ്ത്രീകളുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും ദേശീയ വനിതാ കമ്മിഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
English Summary: National Womens Commission impleaded in Civic Chandran case