കെഎഎസ്: രണ്ടാം വിജ്ഞാപനം നവംബർ ഒന്നിന്
Mail This Article
തിരുവനന്തപുരം∙ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്ക്(കെഎഎസ്) ഉള്ള രണ്ടാം വിജ്ഞാപനം നവംബർ ഒന്നിന് ഇറക്കും. പുതുതായി കണ്ടെത്തിയ 44 തസ്തികകളും ഡപ്യൂട്ടേഷൻ തസ്തികകളും ഈ ഘട്ടത്തിൽ ഉൾപ്പെടുത്തും.
കെഎഎസിൽ ഉൾപ്പെടുത്തുന്നതിന് കൂടുതൽ തസ്തികകൾ കണ്ടെത്താൻ ചീഫ് സെക്രട്ടറി തല സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. എന്നാൽ ഈ ഒഴിവുകൾ ഇതുവരെ പിഎസ്‍സിക്കു റിപ്പോർട്ട് ചെയ്തിട്ടില്ല. റിപ്പോർട്ട് ചെയ്യുന്ന മുറയ്ക്കായിരിക്കും വിജ്ഞാപനം ഇറക്കുന്നതിനുളള നടപടി .
കെഎഎസ് ആദ്യ വിജ്ഞാപനം അനുസരിച്ചു നിയമനം ലഭിച്ചവർ പരിശീലനത്തിനു ശേഷം സർവീസിൽ പ്രവേശിച്ചു കഴിഞ്ഞു. വീണ്ടും അപേക്ഷ ക്ഷണിക്കണമെന്ന് ഉദ്യോഗാർഥികളുടെ ഭാഗത്തു നിന്ന് ആവശ്യം ഉയർന്നെങ്കിലും സർക്കാർ സർവീസിൽ മതിയായ ഒഴിവുകൾ കണ്ടെത്താൻ വൈകി. തുടർന്നു മുഖ്യമന്ത്രി തല യോഗത്തിലാണ് ഒഴിവുകൾ കണ്ടെത്താൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. 44 തസ്തികകൾക്കു പുറമേ സെക്രട്ടേറിയറ്റിൽ നിന്ന് ഉൾപ്പെടെയുള്ള ഡപ്യൂട്ടേഷൻ തസ്തികകളെ കൂടി പുതിയ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തും. ആദ്യ ഘട്ടത്തിൽ 29 വകുപ്പുകളിലെ 105 തസ്തികകളിലേക്ക് ആണ് റാങ്ക് പട്ടിക തയാറാക്കി നിയമനം നടത്തിയത്. 80 വകുപ്പുകളിലെ തസ്തികകൾ ആണ് കെഎഎസിൽ ഉൾപ്പെടുത്തുക. പല വകുപ്പുകളിലും അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ തസ്തികയിൽ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരാണ് ഇപ്പോൾ ഡപ്യൂട്ടേഷനിൽ ജോലി ചെയ്യുന്നത്. ഇവ കൂടി രണ്ടാം വിജ്ഞാപനത്തിൽ ഉണ്ടാകും.
English Summary : KAS : Second notification on November first