മുഖ്യമന്ത്രിയുടെ മകൾക്കെതിരെ കേന്ദ്ര അന്വേഷണം; ചുമതല ഗുരുതര കോർപറേറ്റ് തട്ടിപ്പുകൾ അന്വേഷിക്കുന്ന എസ്എഫ്ഐഒയ്ക്ക്
Mail This Article
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയുടെ ദുരൂഹമായ ഇടപാടുകളുടെ അന്വേഷണം കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിനു കീഴിൽ വിപുലമായ അധികാരങ്ങളോടെ പ്രവർത്തിക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിനു (എസ്എഫ്ഐഒ) കൈമാറി. കമ്പനികളുമായി ബന്ധപ്പെട്ട ഗുരുതര തട്ടിപ്പുകൾ അന്വേഷിക്കുന്ന ഏജൻസിയാണ് എസ്എഫ് ഐഒ.
വീണയുടെ കമ്പനിയായ എക്സാലോജിക്, കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎൽ, സിഎംആർഎലിൽ ഓഹരിപങ്കാളിത്തമുള്ള സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെഎസ്ഐഡിസി എന്നിവയ്ക്കെതിരെയാണ് അന്വേഷണം. ഒരു സേവനവും ലഭ്യമാകാതെ തന്നെ എക്സാലോജിക്കിനു സിഎംആർഎൽ വൻ തുക കൈമാറിയെന്ന് കേന്ദ്ര ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയിരുന്നു.
ആറ് ഉന്നത ഉദ്യോഗസ്ഥരെയാണ് എസ്എഫ്ഐഒ അന്വേഷണത്തിനു ചുമതലപ്പെടുത്തിയിരിക്കുന്നത്. 8 മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് കേന്ദ്ര സർക്കാരിനു നൽകാനാണ് നിർദേശം.
ബെംഗളൂരു റജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) നൽകിയ റിപ്പോർട്ടിൽ ഗുരുതര ക്രമക്കേട് വ്യക്തമായ സാഹചര്യത്തിൽ അന്വേഷണം എസ്എഫ്ഐഒയ്ക്കു വിടണമെന്ന് ആവശ്യപ്പെട്ട് ഷോൺ ജോർജ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിൽ കോടതി കേന്ദ്ര നിലപാട് ആരായുകയും ചെയ്തു. ഹർജി 12നു വീണ്ടും പരിഗണിക്കാനിരിക്കെയാണ് അന്വേഷണം എസ്എഫ്ഐഒയ്ക്കു കൈമാറി കേന്ദ്ര സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.
റെയ്ഡിനും അറസ്റ്റിനും അധികാരം
കമ്പനികളുമായി ബന്ധപ്പെട്ട ഗുരുതര സാമ്പത്തിക തട്ടിപ്പുകൾ അന്വേഷിക്കുന്ന ഏജൻസിയാണ് എസ്എഫ്ഐഒ. റെയ്ഡിനും കസ്റ്റഡിക്കും അറസ്റ്റിനുമുള്ള അധികാരമുണ്ട്. ആവശ്യമെങ്കിൽ രാജ്യത്തെ മറ്റ് പ്രധാന അന്വേഷണ ഏജൻസികളുടെ സഹായവും തേടാം.
∙ ഒരു കുലുക്കവുമില്ല
‘എന്റെ ഭാര്യ വിരമിച്ചപ്പോൾ ലഭിച്ച കാശുമായാണു മകൾ ബെംഗളൂരുവിൽ കമ്പനി തുടങ്ങിയത്. നീ പോയി നിന്റേതായ കമ്പനി തുടങ്ങൂ എന്നു പറഞ്ഞ് അയയ്ക്കുകയായിരുന്നു. അതുകൊണ്ട് ഇങ്ങനെയുള്ള കാര്യങ്ങൾ കേൾക്കുമ്പോൾ ഒരു മാനസിക കുലുക്കവുമില്ല.’ – മുഖ്യമന്ത്രി പിണറായി വിജയൻ (ഇന്നലെ നിയമസഭയിൽ പറഞ്ഞത്)