കേരള സർവകലാശാല: നിയമനത്തിന് ചട്ടവിരുദ്ധ കമ്മിറ്റി; ഗവർണർ റിപ്പോർട്ട് തേടും
Mail This Article
തിരുവനന്തപുരം ∙ കേരള സർവകലാശാലയിൽ യുജിസി നിബന്ധന മറികടന്ന്, സിൻഡിക്കറ്റ് അംഗമായ ഡിവൈഎഫ്ഐ നേതാവിനെ ചെയർമാനാക്കി 4 വർഷ ബിരുദ കോഴ്സിലെ അധ്യാപക നിയമനത്തിനു സിലക്‌ഷൻ കമ്മിറ്റി രൂപീകരിച്ചതിൽ വൈസ് ചാൻസലറോടു ഗവർണർ റിപ്പോർട്ട് ആവശ്യപ്പെടും. നടപടിയിൽ ക്രമക്കേടും നിക്ഷിപ്ത താൽപര്യവും ചൂണ്ടിക്കാട്ടി സെനറ്റ് അംഗം കൂടിയായ എം.വിൻസന്റ് എംഎൽഎ ഗവർണർക്ക് ഇന്നലെ പരാതി നൽകിയിരുന്നു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജെ.എസ്.ഷിജുഖാൻ ചെയർമാനായി, യുജിസി നിബന്ധനകൾ ലംഘിച്ചു സിലക്‌ഷൻ കമ്മിറ്റി രൂപീകരിച്ചതു ‘മനോരമ’യാണു റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ 27ന് ആരംഭിച്ച അഭിമുഖങ്ങളിൽ പലതും ക്വോറം തികയാതെയാണു നടത്തിയതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. പുറമേ നിന്നുള്ള 2 വിഷയവിദഗ്ധർ ഉൾപ്പെടെ 4 പേർ പങ്കെടുത്താൽ മാത്രമേ സമിതിയുടെ ക്വോറം തികയുകയുള്ളൂ. എന്നാൽ ഷിജുഖാൻ, വകുപ്പു മേധാവി, സർവകലാശാലയിലെ വിദഗ്ധൻ എന്നിങ്ങനെ 3 പേരാണു ചില അഭിമുഖങ്ങളിൽ പങ്കെടുത്തത്. യുജിസി നിബന്ധന പ്രകാരം സർവകലാശാലാ റജിസ്ട്രാർ ഈ സിലക്‌ഷൻ കമ്മിറ്റിയിൽ അംഗമല്ല. എന്നാൽ റജിസ്ട്രാറെക്കൂടി ഉൾപ്പെടുത്തിയാണു കമ്മിറ്റി രൂപീകരിച്ചത്.
സിൻഡിക്കറ്റ് അംഗം കൂടിയായ പ്രഫസറെ ചെയർപഴ്സനാക്കി താൻ യുജിസി നിബന്ധനപ്രകാരമുള്ള പാനൽ രൂപീകരിച്ചിരുന്നെന്നും അതു തള്ളിയെന്നുമാണു വിസിയുടെ നിലപാട്. എന്നാൽ, യുജിസി നിബന്ധനയ്ക്കു വിരുദ്ധമായ സിൻഡിക്കറ്റ് തീരുമാനം എന്തുകൊണ്ട് അംഗീകരിച്ചുവെന്നതു ഗവർണറോടു വിസി വിശദീകരിക്കേണ്ടിവരും.
11 വകുപ്പുകളിലേക്കായി 12 അധ്യാപകരെയാണു 11 മാസത്തെ കരാറിൽ നിയമിക്കുന്നത്. ഇതിൽ അഞ്ചെണ്ണത്തിന്റെ അഭിമുഖം കഴിഞ്ഞു.