ADVERTISEMENT

കേരള നവോത്ഥാനത്തിൽ ഭാഷാപോഷിണിസഭ വഹിച്ച ചരിത്രപരമായ ഇടപെടലിനെ ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എ.ആർ.രാജരാജവർമ, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, പുന്നശേരി നമ്പി നീലകണ്ഠശർമ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേരളത്തിലെ ആദ്യ സാഹിത്യോത്സവം എന്നു പറയാവുന്ന കവിസമാജ സമ്മേളനം. കവിത മാത്രമല്ല സാഹിത്യം എന്ന ബോധ്യത്തിൽനിന്നാവണം എആറിന്റെ അധ്യക്ഷതയിൽ നടന്ന ആദ്യദിന യോഗത്തിൽത്തന്നെ ‘കവിസമാജം’ എന്ന പേരു മാറ്റണമെന്നു നിർദേശമുയർന്നു. കണ്ടത്തിൽ വർഗീസ് മാപ്പിളയുടെ നിർദേശപ്രകാരം ‘ഭാഷാപോഷിണിസഭ’ എന്നു പേരു മാറ്റുന്നതായി പ്രഖ്യാപനമുണ്ടായി. 

മലയാളത്തിന്റെ ഭാവി കവിതയിലല്ല, ഗദ്യത്തിലാണ് എന്നു തിരിച്ചറിഞ്ഞ് ആ വഴിയേ സാഹിത്യത്തിന്റെ തേരുതെളിച്ച വ്യക്തിയാണ് വർഗീസ് മാപ്പിള. തങ്ങളെ ഗദ്യമെഴുതാൻ പഠിപ്പിച്ചതു കണ്ടത്തിൽ വർഗീസ് മാപ്പിളയാണെന്ന് അന്നത്തെ പല സാഹിത്യകാരന്മാരും കടപ്പാട് അറിയിച്ചിട്ടുണ്ട്. തനിക്കു കവിതാവാസന ഇല്ലായിരുന്നതുകൊണ്ടായിരുന്നില്ല വർഗീസ് മാപ്പിള ഗദ്യത്തിന്റെ തേരാളിയായത്. 

കവിതയിലെ കൈത്തഴക്കം കാരണം സ്‌കൂളിലും കോളജിലും കൂട്ടുകാർ അദ്ദേഹത്തെ വിളിച്ചിരുന്നതു ‘കവിതക്കാരൻ’ എന്നായിരുന്നു. അന്നു നാലു പേജ് മാത്രമുള്ള മനോരമ പത്രത്തിൽ ആദ്യലക്കം മുതൽ ഒരു പേജോളം അദ്ദേഹം കവിതക്കമ്പക്കാർക്കായി നീക്കിവച്ചു. കവിതകൾ പരിശോധിച്ചു കുറവുകൾ തീർത്തു പ്രസിദ്ധീകരിക്കാൻ കൊട്ടാരത്തിൽ ശങ്കുണ്ണിയെ പത്രാധിപസമിതിയിൽ നിയമിച്ചു. ഇന്ത്യൻ പത്രപ്രവർത്തനചരിത്രത്തിലെ ആദ്യത്തെ ‘പോയട്രി എഡിറ്റർ’ ആയിരുന്നു കൊട്ടാരത്തിൽ ശങ്കുണ്ണി എന്നു പറയാം. 

ഇന്റർനെറ്റിന്റെയും സമൂഹമാധ്യമങ്ങളുടെയും വരവിനുശേഷം അച്ചടിമാധ്യമങ്ങളെപ്പറ്റി കേൾക്കുന്ന ഒരു പരാതി അത് ‘ഇന്ററാക്ടീവ്’ അല്ലെന്നതാണ്. പക്ഷേ, അച്ചടിച്ച പത്രങ്ങൾക്ക് ‘ഇന്ററാക്ടീവ്’ ആകാം എന്നു തെളിയിച്ചു, കണ്ടത്തിൽ വർഗീസ് മാപ്പിള. കവിതാപംക്തിയിലെ സമസ്യാപൂരണം അക്കഥയാണു നമ്മോടു പറയുന്നത്. വളരെ പരിമിതമായ യാത്രാസൗകര്യങ്ങൾ മാത്രമുള്ള അക്കാലത്ത് തലശ്ശേരി മുതൽ തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങളിൽ ഭാഷാപോഷിണിസഭയുടെ വാർഷിക സമ്മേളനങ്ങൾ നടത്തിയത് എങ്ങനെയെന്ന് ആലോചിക്കുന്നതുതന്നെ അദ്ഭുതകരമാണ്. ഭാഷാപോഷിണിസഭയുടെ ആദ്യ സമ്മേളനത്തിനുശേഷം 36 വർഷം കഴിഞ്ഞാണ് സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ പിറവിയുണ്ടായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

English Summary:

Manorama Introduces India's First Poetry Editor, Says Chief Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com