മനോരമ ഹോർത്തൂസിന്റെ ആദ്യപതിപ്പിനു കാൽപാട് പതിപ്പിച്ച് കോഴിക്കോടൻ തീരം
Mail This Article
കണ്ടു കണ്ടു വലുതായ കടൽ സാക്ഷി, പല കോടി കാലടിപ്പാടുകൾ പതിഞ്ഞ മണൽത്തീരം സാക്ഷി; അക്ഷരങ്ങളുടെ, കലയുടെ, സംസ്കാരത്തിന്റെ കനലറിയാനും തണുവറിയാനും സാഹിത്യനഗരമുണർന്നു. ഇനിയുള്ള മൂന്നു പകൽ–രാവുകൾക്ക് ഉറക്കം തെല്ലു കുറയും. പുതുചിന്തകളിലേക്കു കണ്ണും കാതും മനസ്സും തുറന്ന് ആസ്വാദകർ കാറ്റുപോലലയും.
-
Also Read
ഹോംജ്യുവിന്റെ കിംചി: ‘കൊറേയാ’ രുചി!
മലയാള മനോരമ സംഘടിപ്പിക്കുന്ന ‘ഹോർത്തൂസ്’ കലാസാഹിത്യോത്സവത്തിന്റെ വേദികൾ കോഴിക്കോട് ബീച്ചിൽ ഇന്നു കണ്ണുതുറക്കും. പത്തിലധികം വേദികളിലായി നൂറ്റിമുപ്പതോളം സംവാദങ്ങളും അസുലഭ കലാപ്രകടനങ്ങളും നിറവു പകരും. ശംഖുപുഷ്പം, മന്ദാരം, ആറ്റുവഞ്ചി, അശോകം, അമൃത്, മൈലാഞ്ചി, മഷിത്തണ്ട് എന്നിങ്ങനെ മലയാളത്തെളിമയുള്ള പേരുകളുമായി അരങ്ങുകളെല്ലാമൊരുങ്ങി. ഇവിടെ നവകാല ചിന്തകളുടെ മിന്നലാകാൻ, സൽക്കലയുടെ മിനുക്കമേകാൻ രാജ്യത്തിനകത്തും പുറത്തുനിന്നുമായി അതിഥികൾ കോഴിക്കോട്ട് എത്തിക്കഴിഞ്ഞു. കൊറിയ, പോളണ്ട്, ആഫ്രിക്ക എന്നീ രാജ്യങ്ങളിൽനിന്നുള്ള എഴുത്തുകാരുടെ സർഗസാന്നിധ്യം ഹോർത്തൂസിനു രാജ്യാന്തരമാനങ്ങളേകും.
ഇന്നു രാവിലെ 10ന് ‘മന്ദാരം’ വേദിയിൽ നടക്കുന്ന ഹോർത്തൂസ് ആമുഖത്തോടെ വേദികൾ ഉണരും. ഫെസ്റ്റിവൽ ഡയറക്ടർ എൻ.എസ്.മാധവൻ, ക്യുറേറ്റർ ബന്ധു പ്രസാദ് ഏലിയാമ്മ എന്നിവരാണ് ആമുഖം അവതരിപ്പിക്കുക. തുടർന്നു വിവിധ വേദികളിലായി അറുപതിലേറെ സെഷനുകൾ, നൂറിലധികം അതിഥികൾ. സാഹിത്യം കൂടാതെ കലയും സംഗീതവും രാഷ്ട്രീയവും പാചകവുമെല്ലാം വിഷയവൈവിധ്യംകൊണ്ടു സംവാദവേദികളെ ത്രസിപ്പിക്കും.
കുട്ടികളുടെ പവിലിയൻ, സിനിമാപ്രദർശനം എന്നിവയുമുണ്ട്. വെയിൽ ചായുമ്പോൾ ചൂടുകട്ടനും ഉപ്പിലിട്ട നെല്ലിക്കയും നുണഞ്ഞ് ബാബുരാജിന്റെ പാട്ടുകൾ കേൾക്കാം; അതിന് തിരയടങ്ങാത്ത കടൽ ശ്രുതിയിടും.
ഹോർത്തൂസിനു വേദിയാകുന്ന കോഴിക്കോട് കടപ്പുറത്ത് ഒരുക്കിയ കലാവിന്യാസങ്ങൾ കാണാൻ ദിവസങ്ങൾ മുൻപേ ജനം വരവു തുടങ്ങിയിരുന്നു. കൊച്ചി ബിനാലെ പവിലിയൻ, ഭക്ഷ്യമേള, പുസ്തകശാല, മനോരമയുടെ ചരിത്രം പറയുന്ന പത്രപ്രദർശനം, കുട്ടികൾക്കായി പ്രത്യേക വേദി എന്നിവയിലെല്ലാമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ഓടിയെത്തിക്കൊണ്ടിരിക്കുന്നു; അക്ഷരോത്സവത്തിന്റെ പുതുതിളക്കം കാണാനും കേൾക്കാനും ഇവിടെയിരുന്നു കൂട്ടുകൂടി മിണ്ടാനും.