റേഷനരിയിലെ കൃത്രിമം: അന്വേഷണം തുടങ്ങി

Mail This Article
സപ്ലൈകോയുടെ പത്തനംതിട്ട, കോന്നി ഗോഡൗണുകളിൽ നിലവാരമില്ലാത്ത അരി വിതരണത്തിനെത്തിച്ച സംഭവത്തിൽ സപ്ലൈകോ അന്വേഷണം തുടങ്ങി. എറണാകുളത്തെ ഓഫിസിൽനിന്നുള്ള ക്വാളിറ്റി അഷുറൻസ് ഓഫിസർ എത്തി സാംപിൾ ശേഖരിച്ചു. സപ്ലൈകോയുടെ ക്വാളിറ്റി ചെക്കർ പരിശോധിച്ച് നിലവാരം ബോധ്യപ്പെട്ട അരിയാണ് പത്തനംതിട്ടയിൽ എത്തിച്ചത്. ഇതിൽ തെറ്റുപറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കും.
വലിപ്പത്തിലും നിറത്തിലും വ്യത്യാസമുണ്ടെന്നും മോശം അരിയാണെന്നും റിപ്പോർട്ട് നൽകിയാണ് 5400 ചാക്ക് അരി റിജക്ട് ചെയ്തത്. കർഷകരിൽനിന്നു നെല്ല് സംഭരിച്ച് സ്വകാര്യ മില്ലുകൾ വഴി സംസ്കരിച്ച് സപ്ലൈക്കോയ്ക്ക് നൽകുന്ന സിഎംആർ (കസ്റ്റമൈസ്ഡ് മില്ല് റൈസ്) വിഭാഗത്തിൽപെട്ട അരിയാണിത്. അരിയിൽ കൃത്രിമം ഉണ്ടോയെന്നു പരിശോധിക്കാൻ കേന്ദ്ര സർക്കാരിനു വേണ്ടി ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്സിഐ) സംഘവും എത്തിയേക്കും. കേന്ദ്ര വിഹിതം കൂടി ചേർത്താണ് സംസ്ഥാനത്തു നെല്ലു സംഭരിക്കുന്നത്.
റേഷൻ കടകളിൽ എത്തുന്ന സിഎംആർ അരിയുടെ ഗുണനിലവാരത്തെക്കുറിച്ച് മറ്റു ചില സ്ഥലങ്ങളിലും പരാതി ഉയർന്നിട്ടുണ്ട്. കൊല്ലം ജില്ലയിൽ 2 ആഴ്ച മുൻപ് വന്ന അരിയിൽ 10–20% ഉപയോഗശൂന്യമായിരുന്നു. പരാതിപ്പെട്ടപ്പോൾ പകരം അരി നൽകി. കോട്ടയം ജില്ലയിലും വിതരണം ചെയ്യുന്ന അരി ഉപയോഗിക്കാൻ ബുദ്ധിമുട്ടാണെന്ന് ഉപയോക്താക്കളും റേഷൻ വ്യാപാരികളും പരാതിപ്പെടുന്നു. തൃശൂർ മേഖലയിൽ ഏതാനും മാസമായി ഇതു തന്നെയാണവസ്ഥയെന്നു പറയുന്നു. കണ്ണൂരിൽ സപ്ലൈകോ ഗോഡൗണിൽ നിന്ന് എത്തിച്ച മാലിന്യം കലർന്ന അരി റേഷൻ വ്യാപാരികൾ വിതരണം ചെയ്തില്ല. ഓരോ കടയിലും 8 ചാക്ക് അരിയാണ് ഉപയോഗയോഗ്യമല്ലാതെ എത്തിയത്.
വിശദീകരണം തേടിയെന്ന് സപ്ലൈകോ എംഡി
സപ്ലൈകോയിലേക്കു കാലടിയിലെയും പെരുമ്പാവൂരിലെയും മില്ലുകൾ നിലവാരം ഇല്ലാത്ത അരി എത്തിച്ച സംഭവത്തിൽ മില്ലുകളിലെത്തി ഗുണനിലവാര പരിശോധന നടത്തി അനുകൂല റിപ്പോർട്ട് നൽകിയ ക്വാളിറ്റി ചെക്കിങ് ടീം അംഗങ്ങളോടു വിശദീകരണം തേടിയതായി ചെയർമാൻ ആൻഡ് എംഡി പി.ബി.നൂഹ് കൊച്ചിയിൽ പറഞ്ഞു. ആരോപണമുയർന്ന 2 മില്ലുകളിലും ഉടൻ പരിശോധന നടത്തും. ഉപയോഗയോഗ്യമല്ലാത്ത 5400 ചാക്ക് അരി ഇന്നു തന്നെ ഇതു തിരിച്ചെടുക്കണമെന്നു കർശന നിർദേശം മില്ലുടമയ്ക്കു നൽകിയെന്നും എംഡി പറഞ്ഞു.