അയോഗ്യത വരും മുൻപേ അൻവറിന്റെ രാജി; ലക്ഷ്യം യുഡിഎഫ്

Mail This Article
സ്വതന്ത്രനായി ജയിച്ചശേഷം പാർട്ടിയിൽ ചേർന്നാൽ അയോഗ്യതയുണ്ടാകുമെന്നു മുൻകൂട്ടി കണ്ടുള്ള നീക്കമാണ് രാജിയിലൂടെ അൻവർ നടത്തിയത്. അൻവർ തൃണമൂലിൽ ചേർന്നത് പാർട്ടി ഔദ്യോഗികമായി അറിയിച്ചിരുന്നു. ഇതു തെളിവാക്കി അദ്ദേഹത്തെ അയോഗ്യനാക്കാനുള്ള നീക്കം തിരക്കിട്ട് ഉണ്ടാകുമെന്നു കണക്കിലെടുത്തു കൂടിയാണു രാജി. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനെ സഹായിക്കുന്നതുവഴി, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു മുന്നണിയിലെത്തുകയാണു ലക്ഷ്യം. ശനിയാഴ്ച തന്നെ സ്പീക്കറെ ഇമെയിൽ മുഖേന രാജി സന്നദ്ധത അറിയിച്ചിരുന്നുവെന്ന് അവകാശപ്പെട്ട അൻവർ, ഇന്നലെ രാവിലെ പത്തോടെയാണു നേരിൽ കണ്ടു രാജിക്കത്തു കൈമാറിയത്. വന്യജീവി ആക്രമണ വിഷയത്തിൽ കേന്ദ്രനിയമത്തിൽ ഭേദഗതി വരുത്തുന്നതിന് ഇന്ത്യാമുന്നണി വഴി സമ്മർദം ചെലുത്തുമെന്ന മമത ബാനർജിയുടെ ഉറപ്പിലാണു പാർട്ടി പ്രവേശനമെന്നാണ് അൻവറിന്റെ വാദം.