വഖഫ്: ഇതരമതസ്ഥരുടെ പ്രാതിനിധ്യം എതിർത്ത് കേരള വഖഫ് ബോർഡ്

Mail This Article
ന്യൂഡൽഹി ∙ കേന്ദ്ര വഖഫ് കൗൺസിലിലും സംസ്ഥാന വഖഫ് ബോർഡുകളിലും മറ്റു മതങ്ങളിൽ നിന്നുള്ളവർക്കു പ്രാതിനിധ്യം നൽകാൻ പാർലമെന്റിനു കഴിയില്ലെന്നു കേരള വഖഫ് ബോർഡ്. വഖഫ് ഭേദഗതി ബിൽ പരിഗണിക്കുന്ന സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) റിപ്പോർട്ടിലാണ് ഇതടക്കം വിവിധ സംസ്ഥാന വഖഫ് ബോർഡുകളുടെ വിയോജിപ്പുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. വഖഫ് കൗൺസിലിലും സംസ്ഥാന ബോർഡുകളിലും മുസ്‍ലിം അല്ലാത്ത 2 പേർ വേണമെന്ന വ്യവസ്ഥ വഖഫ് ഭേദഗതി ബില്ലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഒരു നിശ്ചിത മതത്തിനു വേണ്ടിയുള്ള കമ്മിറ്റികളിലോ സ്ഥാപനങ്ങളിലോ മറ്റു മതസ്ഥർക്കു പ്രാതിനിധ്യം നൽകുന്ന തരത്തിൽ നിയമനിർമാണം നടത്താൻ പാർലമെന്റിനു കഴിയില്ലെന്നാണ് കേരള വഖഫ് ബോർഡ് അറിയിച്ചത്. ഭരണഘടനയിലെ 26,14 വകുപ്പുകളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി.
കേരളം, യുപി, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ ഹിന്ദുമതപരമായ സ്വത്തുക്കളുടെ മേൽനോട്ടത്തിനു ഹിന്ദുവിശ്വാസി തന്നെ വേണമെന്നു നിയമമുണ്ടെന്നും ബിഹാർ സുന്നി വഖഫ് ബോർഡ് ജെപിസിയെ അറിയിച്ചു.
കേരള വഖഫ് ബോർഡിന്റെ മറ്റ് നിലപാടുകൾ
∙ ആർക്കും തന്റെ സ്വത്ത് വഖഫ് ആയി മാറ്റാമെന്നതിനു പകരം, കുറഞ്ഞത് 5 വർഷമെങ്കിലുമായി ഇസ്‍ലാം മതവിശ്വാസിയായ വ്യക്തിക്കു മാത്രമേ ചെയ്യാൻ കഴിയൂ എന്ന വ്യവസ്ഥ പ്രായപൂർത്തിയായ ഒരു വ്യക്തിക്കു സ്വന്തം ഇഷ്ടപ്രകാരം സ്വത്തു കൈമാറാനുള്ള അവകാശത്തെ ലംഘിക്കുന്നതാണ്.
∙ ‘വഖഫ് ബൈ യൂസർ’ വ്യവസ്ഥ ഒഴിവാക്കാനുള്ള ഭേദഗതി ആചാരങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയും വേരറക്കും.
∙ കലക്ടർമാർ നിലവിൽ തന്നെ ഒട്ടേറെ ജോലികളുമായി വ്യാപൃതരാണ്. അവർക്ക് വഖഫ് സർവേ ചുമതല കൂടി നൽകിയാൽ, സമയബന്ധിതമായി പൂർത്തിയാക്കാനാവില്ല.
∙ വഖഫ് കൗൺസിലിലെ എല്ലാ അംഗങ്ങളെയും സർക്കാർ നോമിനേറ്റ് ചെയ്യുന്ന വ്യവസ്ഥ പരോക്ഷമായ സർക്കാർ നിയന്ത്രണത്തിനു കാരണമാകും.
∙ സംസ്ഥാന വഖഫ് ബോർഡുകളിൽ ചെയർമാനെ അംഗങ്ങൾ തിരഞ്ഞെടുക്കുന്നതിനു പകരം, നോമിനേറ്റ് ചെയ്യാമെന്ന വ്യവസ്ഥ ബോർഡിനെ സർക്കാർ വരുതിയിലാക്കുന്നതിനു തുല്യം.
∙ ഒരു നിശ്ചിത വസ്തു ‘വഖഫ്’ സ്വത്ത് ആണോയെന്നു തീരുമാനിക്കാൻ വഖഫ് ബോർഡിന് അനുമതി നൽകിയിരുന്ന 40–ാം വകുപ്പ് റദ്ദാക്കുന്നത് വഖഫ് സ്വത്തുക്കളുടെ താൽപര്യങ്ങൾക്കു വിരുദ്ധം.
∙ വഖഫ് നിയമത്തിന്റെ പേരു മാറ്റേണ്ടതില്ല.
∙ വഖഫ് സ്വത്തുക്കളുടെ വിവരങ്ങൾക്കു സംസ്ഥാന ഡേറ്റ ബേസുണ്ട്. കേന്ദ്ര പോർട്ടൽ വേണ്ട.