ആനക്കലിയിൽ തകർന്നത് വൈഷ്ണവിന്റെ ജീവിതം; ചലനശേഷി നഷ്ടപ്പെട്ട് കിടപ്പിലായിട്ട് 10 മാസം

Mail This Article
ഇരിട്ടി (കണ്ണൂർ) ∙ ആനക്കലിക്ക് ഇരയായി കഴുത്തിനു താഴെ ചലനശേഷി നഷ്ടപ്പെട്ട് എം.എം.വൈഷ്ണവ് (25) കിടപ്പിലായിട്ട് 10 മാസം കഴിഞ്ഞു. കഠിനാധ്വാനം ചെയ്തു കുടുംബം പുലർത്തിയിരുന്ന വൈഷ്ണവിന് ഇപ്പോൾ ശരീരം അനക്കണമെങ്കിൽ അമ്മ ഷീബയുടെ സഹായം വേണം. തുടർചികിത്സച്ചെലവും ജോലിയുമെല്ലാം വാഗ്ദാനം ചെയ്ത വനംവകുപ്പ് കൈവിട്ട സ്ഥിതിയാണ്.
ആറളം ഫാമിലെ കരാറുകാരൻ സാദത്തിനു കീഴിൽ സൂപ്പർവൈസർ ആയിരുന്ന വൈഷ്ണവ് 2024 ഏപ്രിൽ 25ന് ആണ് ആനക്കലിക്കിരയായത്. സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ഫാം രണ്ടാം ബ്ലോക്കിൽ കാട്ടാനയുടെ മുന്നിൽപെട്ടു. വീണിടത്തുനിന്ന് എഴുന്നേറ്റ വൈഷ്ണവിനെ ആന തൊഴിച്ചു തെറിപ്പിച്ചു. നട്ടെല്ലിനു ഗുരുതര പരുക്കുമായി പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇവിടെ 15 ലക്ഷം രൂപ ചെലവായി. 14 ലക്ഷം രൂപ വനംവകുപ്പു നൽകി. ചലനശേഷി നഷ്ടപ്പെട്ടെങ്കിലും കൃത്യമായ തുടർചികിത്സ ലഭിച്ചാൽ സുഖം പ്രാപിക്കുമെന്നാണു ഡോക്ടർമാർ പറയുന്നത്.
എന്നാൽ, തുടർചികിത്സച്ചെലവു വഹിക്കാതെ വനംവകുപ്പ് കയ്യൊഴിഞ്ഞു. നാട്ടുകാർ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചു. സഹായവുമായി സാദത്തും കൂടെ നിന്നു. വൈഷ്ണവിനെ ഫിസിയോതെറപ്പിക്കായി വീണ്ടും പരിയാരത്തു പ്രവേശിപ്പിച്ചു. 2 മാസത്തിനു ശേഷം വീട്ടിലേക്കു മടങ്ങിയെങ്കിലും വൈകാതെ അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. ഇവിടെ 4 മാസത്തെ ഫിസിയോതെറപ്പിയുടെ ഫലമായി ഇടതുകൈയ്ക്കു നേരിയ ചലനശേഷി ലഭിച്ചു. ചികിത്സയ്ക്ക് 5 ലക്ഷത്തോളം രൂപ ചെലവായി. ഇപ്പോൾ ഒരുമാസമായി പരിയാരം ആയുർവേദ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലാണു ചികിത്സ. വൈഷ്ണവിനെ പരിചരിക്കേണ്ടതിനാൽ ഷീബയ്ക്കും ജോലിക്കു പോകാൻ കഴിയുന്നില്ല.