അക്രമങ്ങൾ അമർച്ച ചെയ്യാൻ സ്ത്രീകൾക്ക് കഴിയും: ദയാബായി

Mail This Article
സമൂഹത്തിൽ പെരുകുന്ന അക്രമങ്ങൾ അമർച്ച ചെയ്യാൻ സ്ത്രീകൾക്കു കഴിയുമെന്ന് സാമൂഹികപ്രവർത്തക ദയാബായി. ഇതിനായി മക്കൾക്കു ചെറുപ്പം മുതലേ മൂല്യങ്ങളും അച്ചടക്കവും പകർന്നുനൽകണം. ഭക്ഷണം കഴിക്കാൻ പോലും കുട്ടികളുടെ കയ്യിൽ അമ്മമാർ മൊബൈൽ ഫോൺ കൊടുക്കുന്ന സ്ഥിതിയാണ്. പഠനത്തിന് ആവശ്യമെങ്കിൽ ആ സമയത്തു മാത്രമേ മൊബൈൽ ഫോൺ നൽകാവൂ. സ്കൂളിന്റെ മതിലിനപ്പുറം ലഹരിമരുന്നു വിൽപനയുണ്ട്. അതിനാൽ കുട്ടികളുടെ കയ്യിൽ രക്ഷിതാക്കൾ വലിയ തുക കൊടുത്തുവിടരുതെന്നും ദയാബായി ‘മനോരമ’യോടു പറഞ്ഞു.
Q 21–ാം നൂറ്റാണ്ട് ഇത്രയുമാകുമ്പോൾ ഇന്ത്യൻ സ്ത്രീയുടെ അവസ്ഥ എങ്ങനെ?
A ഇന്ത്യയിലെ സ്ത്രീകളുടെ അവസ്ഥയിൽ മാതൃകാപരമായ ഒട്ടേറെ മാറ്റങ്ങളുണ്ട്. അവർക്കു പുറത്തിറങ്ങി ജോലി ചെയ്യാനും ഇഷ്ടപ്പെട്ട ലൈനിൽ പ്രവർത്തിക്കാനും കഴിയുന്നു. ഇതിലൂടെ എത്രയോ കുടുംബങ്ങൾ രക്ഷപ്പെട്ടു. എന്നിട്ടും സ്ത്രീകൾക്കെതിരായും സ്ത്രീകൾ വഴിയായും നിഷേധാത്മക സംഭവങ്ങൾ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്നു ഞാൻ അദ്ഭുതപ്പെടാറുണ്ട്.
Q സ്ത്രീകൾക്കായുള്ള പദ്ധതികൾ ഗുണം ചെയ്യുന്നുണ്ടോ?
A കേരളത്തിലെ കുടുംബശ്രീ പദ്ധതി സ്ത്രീകൾക്ക് ഒത്തിരി ഗുണം ചെയ്യുന്നതാണ്. സ്ത്രീകളെ സ്വതന്ത്രരാക്കിയ സംരംഭമാണിത്. ഇതിലൂടെ എത്രയോ സ്ത്രീകൾക്കും കുടുംബങ്ങൾക്കും നേരെ നിൽക്കാൻ കഴിഞ്ഞു.