കെ സ്മാർട്: അധികഫീസ് പിരിക്കുന്നത് ചെലവ് വെളിപ്പെടുത്താതെ

Mail This Article
തിരുവനന്തപുരം ∙ ‘കെ സ്മാർട്’ ആപ്ലിക്കേഷനിലൂടെ പഞ്ചായത്തുകളും നഗരസഭകളും നൽകുന്ന സേവനങ്ങൾക്കും സർട്ടിഫിക്കറ്റുകൾക്കും പെർമിറ്റുകൾക്കും ഡിജിറ്റൽ കോസ്റ്റ് എന്ന പേരിൽ അധികഫീസ് പിരിക്കാൻ സർക്കാർ അനുമതി നൽകിയത് അധിക ചെലവ് വെളിപ്പെടുത്താതെ. തദ്ദേശവകുപ്പിന്റെ ആവശ്യങ്ങൾക്കായി 17 തരം സോഫ്റ്റ്‌വെയർ വികസിപ്പിച്ചതിന്റെ പേരിൽ സർക്കാരിൽനിന്നും തദ്ദേശസ്ഥാപനങ്ങളിൽനിന്നും വിഹിതം വാങ്ങുന്ന ഇൻഫർമേഷൻ കേരള മിഷന് (ഐകെഎം) പേയ്മെന്റ് ഗേറ്റ്‌വേ വഴി നേരിട്ടു ഫീസ് പിരിക്കാൻ സർക്കാർ അനുമതി നൽകുന്നതും ആദ്യം.
തദ്ദേശ സ്ഥാപനങ്ങളുടെ അക്കൗണ്ടിങ്, നികുതി പിരിവ്, യോഗതീരുമാനങ്ങൾ, ഫയൽ സംവിധാനം, ഓഫിസ് നടപടികൾ എന്നിവയ്ക്ക് ഉള്ള 17 സോഫ്റ്റ്‍വെയർ വികസിപ്പിച്ചതും പരിപാലിക്കുന്നതും തദ്ദേശ വകുപ്പിൽ ഇ ഗവേണൻസ് നടപ്പാക്കാൻ ലക്ഷ്യമിട്ട് 1999ൽ ആരംഭിച്ച ഐകെഎമ്മാണ്. എല്ലാ സേവനങ്ങളും ഒരുകുടക്കീഴിൽ എന്ന ലക്ഷ്യത്തോടെ പഞ്ചായത്തുകളിൽ ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം (ഐഎൽജിഎംഎസ്) എന്ന സംവിധാനത്തിന് ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് ഐകെഎം തുടക്കമിട്ടിരുന്നു. അടുത്ത മാസം കെ സ്മാർട്ട് നഗരസഭകളിൽനിന്നു പഞ്ചായത്തുകളിലേക്കു വ്യാപിപ്പിക്കുന്നതോടെ ഐഎൽജിഎംഎസ് അപ്രസക്തമാകും.
കെ സ്മാർട് ആപ്ലിക്കേഷൻ വികസിപ്പിച്ചതോടെ വിഹിതമായി ഇപ്പോൾ ലഭിക്കുന്ന ഫണ്ട് തികയാത്ത സാഹചര്യമാണെന്നാണ് ഐകെഎമ്മിന്റെ വാദം. കൊച്ചി സ്മാർട് സിറ്റിയുടെ ഫണ്ട് ഉപയോഗപ്പെടുത്തിയാണു കെ സ്മാർട് ആരംഭിച്ചതെങ്കിലും ക്ലൗഡ് സെർവർ വാടക, സെർവർ മെയിന്റനൻസ്, മൊഡ്യൂളുകൾ വികസിപ്പിക്കൽ, ജില്ലാ– തദ്ദേശ സ്ഥാപനതലങ്ങളിൽ ടെക്നിക്കൽ ഓഫിസർമാരുടെ നിയമനവും സേവനവും തുടങ്ങിയവ വഴി ഭീമമായ ചെലവ് വരുന്നു. 3 ലക്ഷത്തോളം ലൈസൻസ്, 1.40 ലക്ഷം കെട്ടിട വിവരങ്ങൾ, 19 ലക്ഷം ജനന–മരണ– വിവാഹ റജിസ്ട്രേഷൻ, കൂടാതെ താമസ–ഉടമസ്ഥത ഉൾപ്പെടെ പല തരം സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സർവീസും ഡേറ്റയും കൈകാര്യം ചെയ്യാനും ചെലവുണ്ടെന്നാണു ഐകെഎമ്മിന്റെ വാദം.
ക്ലൗഡ് സെർവർ ചെലവു കൂട്ടുന്നോ?
സംസ്ഥാന സർക്കാരിന്റെ ഐടി വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് ഡേറ്റ സെന്ററിലും മറ്റുമായുള്ള സെർവറിനു പരിമിതിയുണ്ടെന്നു കണ്ട് തദ്ദേശവകുപ്പ് രണ്ടര വർഷം മുൻപ് ആമസോൺ വെബ് സർവീസിന്റെ ക്ലൗഡ് സേവനം ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. പ്രതിമാസം ഒന്നര ലക്ഷം രൂപ നിരക്കിലും ഒറ്റത്തവണ നടപ്പാക്കൽ ഫീസായി 30,000 രൂപ നൽകിയുമാണ് ആമസോൺ ക്ലൗഡ് സേവനത്തിന് അന്നു തീരുമാനിച്ചത്. ഐഎൽജിഎംഎസിനു വേണ്ടിയായിരുന്നു അത്. പദ്ധതിക്കു സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി–ഡിറ്റ്) സാങ്കേതികസഹായം നൽകുന്ന തരത്തിലായിരുന്ന അന്ന് വിഭാവനം ചെയ്തത്. കെ സ്മാർട് ആരംഭിച്ചതോടെ ഐകെഎം ആണ് സാങ്കേതികസഹായം. എന്നാൽ, എത്രയാണ് ഇപ്പോൾ ക്ലൗഡ് സേവനങ്ങൾക്കുള്ള ഫീസ് എന്നു സർക്കാരോ തദ്ദേശ വകുപ്പോ ഐകെഎമ്മോ വ്യക്തമാക്കിയിട്ടില്ല.