ADVERTISEMENT

കോഴിക്കോട് ∙ നാലുവർഷത്തെ കുടിശിക ഈ സാമ്പത്തിക വർഷം കൊടുത്തു തീർക്കുമെന്ന കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ (കെഎംഎസ്‌സിഎൽ) ഉറപ്പ് ലംഘിക്കപ്പെട്ടതോടെ അടുത്ത വർഷത്തെ മരുന്നു വിതരണത്തിൽനിന്ന് കമ്പനികൾ പിൻവാങ്ങുന്നു. ടെൻഡർ തുറക്കുന്നതിനു മുൻപ് പിൻവലിക്കാമെന്ന വ്യവസ്ഥ പ്രകാരം പിന്മാറുകയാണെന്നു കാണിച്ചാണ് കമ്പനികൾ നോട്ടിസ് നൽകിയത്. ആശുപത്രികളിൽ കടുത്ത മരുന്നുക്ഷാമത്തിനു  വഴിവയ്ക്കുന്ന  സർക്കാർ നടപടികളുടെ തുടർച്ചയാണ് കമ്പനികളുടെ മുഖംതിരിക്കൽ. 

2020 മുതലുള്ള 600 കോടിയോളം രൂപയുടെ കുടിശികയിൽ 150 കോടി രൂപ മാത്രമാണ് ഇതുവരെ കമ്പനികൾക്കു കൊടുത്തത്. 150 കോടി കൂടി മാർച്ച് 31നു മുൻപ് നൽകുമെന്നും ശേഷിക്കുന്ന തുക കെഎഫ്സിയിൽ നിന്ന് വായ്പയെടുത്ത് നൽകുമെന്നും ഉറപ്പു നൽകിയതിനെ തുടർന്നാണ് 187 കമ്പനികൾ ഫെബ്രുവരി രണ്ടാം വാരം ടെൻഡർ സമ‍ർപ്പിച്ചത്. ഈ സാമ്പത്തിക വർഷത്തെ മൂന്നാംപാദ മരുന്നുവിതരണവും പൂർത്തിയാക്കിയിരുന്നു.

എന്നാൽ, രണ്ടാം ഘട്ടത്തിലെ 150 കോടി നൽകാനുള്ള ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. 25നു ശേഷം ഒരു ബില്ലും ട്രഷറിയിലേക്കു നൽകേണ്ടതില്ല എന്ന നിർദേശം കൂടി കഴിഞ്ഞ ദിവസം വന്നതോടെ ഈ സാമ്പത്തിക വർഷം ഇനി കുടിശിക കിട്ടുമെന്ന് കമ്പനികൾക്ക് ഉറപ്പില്ല. കെഎഫ്സിയിൽനിന്ന് വായ്പയെടുക്കാൻ സർക്കാർ ഗാരന്റി നൽകുന്ന കാര്യത്തിലും അറിയിപ്പൊന്നും കിട്ടിയിട്ടില്ല. 

മുഖം തിരിച്ച് പ്രമുഖ കമ്പനികൾ 

തുടർച്ചയായി വൻതുക കുടിശിക വരുത്തുന്നതിനാൽ കേരളത്തിലേക്ക് മരുന്നു വിതരണത്തിനായി താൽപര്യം കാട്ടുന്ന കമ്പനികൾ കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ വർഷം 216 സ്ഥാപനങ്ങൾ ടെൻഡർ സമർപ്പിച്ചിരുന്ന സ്ഥാനത്ത് ഈ വർഷം 187 കമ്പനികളേയുള്ളൂ. പ്രധാന കമ്പനികൾ പലതും വിട്ടുനിൽക്കുകയാണ്. ജോൺസൺ ആൻഡ് ജോൺസൺ, ബാക്സ്റ്റർ, ഫൈസർ, എല്ലൂരി, പെന്റഗൺ, ലോട്ടസ് സർജിക്കൽസ്, ഹസീബ് ഫാർമ തുടങ്ങിയ സ്ഥാപനങ്ങളൊന്നും പങ്കെടുത്തിട്ടില്ല. കമ്പനികളുടെ കുറവ് വില വർധനയ്ക്കും കാരണമായേക്കും. അസംസ്കൃത വസ്തുക്കളുടെ വില കുറഞ്ഞതിനാൽ കാൻസർ മരുന്നുകളുടെ വില കുറയും. ഇതൊഴികെ മറ്റെല്ലാ ഇനങ്ങൾക്കും വില കൂടാൻ സാധ്യതയുണ്ടെന്നാണു സൂചന.

English Summary:

Kerala Faces Medicine Crisis: Medicine supply shortages plague Kerala due to unpaid dues to pharmaceutical companies. Major companies have withdrawn from tenders, citing ₹600 crore in outstanding payments and a lack of government action.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com