കിടങ്ങൂർ പഞ്ചായത്ത് ഇടതുമുന്നണി പിടിച്ചെടുത്തു; എൽഡിഎഫ് അവിശ്വാസം പാസായത് ബിജെപി പിന്തുണയോടെ

Mail This Article
പാലാ ∙ കിടങ്ങൂർ പഞ്ചായത്തിൽ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസം ബിജെപി പിന്തുണയോടെ പാസായി. കേരള കോൺഗ്രസ്–ബിജെപി സഖ്യത്തിൽനിന്നു പഞ്ചായത്തുഭരണം കേരള കോൺഗ്രസ് (എം), സിപിഎം മുന്നണി പിടിച്ചു. പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കൽ (കേരള കോൺഗ്രസ്) അവിശ്വാസത്തിലൂടെ പുറത്തായി. വൈസ് പ്രസിഡന്റ് രശ്മി രാജേഷ് (ബിജെപി) അവിശ്വാസ പ്രമേയം ചർച്ചയ്ക്കടുക്കുന്നതിനു മുൻപേ രാജിവച്ചു. അവിശ്വാസ പ്രമേയത്തെ ബിജെപി അംഗം കെ.ജി.വിജയനാണു പിന്തുണച്ചത്.
പ്രസിഡന്റിനെതിരെ നടന്ന അവിശ്വാസപ്രമേയത്തിലെ വോട്ടെടുപ്പിൽ ഏഴിനെതിരെ 8 വോട്ടുകൾ ഇടതുമുന്നണി നേടി. ഒന്നര വർഷമായി കേരള കോൺഗ്രസും ബിജെപിയും ചേർന്നാണു പഞ്ചായത്തുഭരണം. 15 അംഗ പഞ്ചായത്തിൽ കേരള കോൺഗ്രസ്-3, ബിജെപി-5, കേരള കോൺഗ്രസ് (എം)-4, സിപിഎം-3, എന്നതാണു കക്ഷിനില. 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിലെ (എം) ബോബി മാത്യുവാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീടു സിപിഎമ്മിനു പ്രസിഡന്റ് സ്ഥാനം ലഭിക്കുന്നതിനായി രണ്ടര വർഷത്തിനുശേഷം ബോബി രാജിവച്ചു. തുടർന്നു നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസും ബിജെപിയും ചേർന്നു കേരള കോൺഗ്രസിലെ തോമസ് മാളിയേക്കലിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. ബിജെപിയിലെ രശ്‌മി രാജേഷ് വൈസ് പ്രസിഡന്റുമായി.
ബിജെപിക്കൊപ്പം ചേർന്നു പഞ്ചായത്തുഭരണം പിടിച്ചതോടെ കേരള കോൺഗ്രസ് പ്രസിഡന്റ് ഉൾപ്പെടെ 3 മെംബർമാരെ പാർട്ടിയിൽ നിന്നു പുറത്താക്കിയിരുന്നു. കേരള കോൺഗ്രസിനൊപ്പം ചേർന്നതിനെ തുടർന്നു ബിജെപി പഞ്ചായത്ത് കമ്മിറ്റി ജില്ലാ നേതൃത്വം പിരിച്ചുവിടുകയും ചെയ്തിരുന്നു.
എൽഡിഎഫ് മറുപടി പറയണം: മോൻസ് ജോസഫ്
കോട്ടയം ∙ കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും എതിരെ സിപിഎം, കേരള കോൺഗ്രസ് (എം) പാർട്ടികൾ സംയുക്തമായി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസാക്കാൻ ബിജെപിയുടെ വോട്ട് വാങ്ങിച്ചതിനെക്കുറിച്ച് ഇടതുനേതാക്കൾ മറുപടി പറയണമെന്നു കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ.