ദലിതരുടെ ഉന്നമനത്തിനായി പോരാട്ടത്തിന് ആഹ്വാനം

Mail This Article
തിരുവനന്തപുരം ∙ ദലിതരുടെ ഉന്നമനത്തിനായി ഒറ്റക്കെട്ടായി പോരാടുമെന്ന ആഹ്വാനവുമായി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദലിത് പുരോഗമന സമ്മേളനം. ഗവർണർ രാജേന്ദ്ര അർലേക്കർ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ദേശീയ, സംസ്ഥാന നേതാക്കൾ അണിനിരന്നു. ദലിതരോടുള്ള മനോഭാവത്തിൽ, ദലിത് ഇതര വിഭാഗങ്ങൾ മാറ്റംവരുത്തണമെന്നും ഡോ.ബി.ആർ.അംബേദ്കറുടെ ആത്മകഥ എല്ലാവരും വായിക്കണമെന്നും ഗവർണർ പറഞ്ഞു.
ദലിതരുടെ ഉന്നമനത്തിനായി ഇനിയും ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ട്. അവരുടെ ഉന്നമനത്തിനായി കാര്യമായ നടപടികൾ ഇതുവരെയുണ്ടായില്ല. ഒരാൾക്കുള്ള സംവരണം മറ്റൊരാളുടെ അവസരം ഇല്ലാതാക്കുന്നില്ലെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
ഉദ്ഘാടനച്ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, തെലങ്കാന മന്ത്രി സീതക്ക, എംപിമാരായ ടി.തിരുമാവളവൻ, പ്രകാശ് അംബേദ്കർ തുടങ്ങിയവർ പ്രസംഗിച്ചു.
കൊടിക്കുന്നിൽ സുരേഷ് എംപി, പത്മശ്രീ ജേതാവ് ലക്ഷ്മിക്കുട്ടി അമ്മ തുടങ്ങിയവരെ ആദരിച്ചു. ദലിത് വിഭാഗങ്ങൾക്കിടയിൽ പ്രവർത്തിച്ചതിന്റെ അനുഭവക്കുറിപ്പുകൾ ഉൾപ്പെടുത്തി രമേശ് ചെന്നിത്തല രചിച്ച പുസ്തകം ഗവർണർ പ്രകാശനം ചെയ്തു.
വർഷ ഗെയ്ക്‌വാദ് എംപി, കോൺഗ്രസ് പട്ടികവിഭാഗം ദേശീയ ചെയർമാൻ കെ.രാജു, എംഎൽഎമാരായ എ.പി.അനിൽകുമാർ, ഐ.സി.ബാലകൃഷ്ണൻ(കേരളം), ജ്യോതി ഏക്നാഥ് ഗെയ്ക്‌വാദ് (മഹാരാഷ്ട്ര), ജിഗ്നേഷ് മേവാനി (ഗുജറാത്ത്), കോൺഗ്രസ് നേതാക്കളായ പന്തളം സുധാകരൻ, ഷാനിമോൾ ഉസ്മാൻ, രമ്യ ഹരിദാസ്, പി.കെ.ജയലക്ഷ്മി, സിപിഎം നേതാവ് കെ.സോമപ്രസാദ്, സാമൂഹിക പ്രവർത്തക ധന്യ രാമൻ, ജെ.സുധാകരൻ, എം.ആർ.തമ്പാൻ തുടങ്ങിയവർ പ്രസംഗിച്ചു. സമാപന സമ്മേളനം മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവും എംഎൽഎയുമായ നിതിൻ റൗത്ത് ഉദ്ഘാടനം ചെയ്തു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഗാന്ധിഗ്രാം പദ്ധതി 15 വർഷം പിന്നിടുന്നതിന്റെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിച്ചത്.
നിരന്തരം വേട്ടയാടൽ: പരാതിയുമായി കൊടിക്കുന്നിൽ
∙ ദലിതനായതിനാൽ തന്നെ നിരന്തരം വേട്ടയാടുന്നൂവെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ദലിത് സമ്മേളനത്തിൽ വി.ഡി.സതീശനും രമേശ് ചെന്നിത്തലയുമടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
താൻ പലതും തുറന്നുപറഞ്ഞാൽ വിവാദമായേക്കാം. ശത്രുക്കളുടെ എണ്ണം കൂടും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്നു തന്നെ ഒഴിവാക്കണമെന്നു പാർട്ടിയോട് അഭ്യർഥിച്ചിരുന്നു. പാർട്ടി നിർദേശിച്ചതുകൊണ്ടാണു മത്സരിച്ചത്. സംവരണ മണ്ഡലത്തിൽ തുടർച്ചയായി ജയിക്കുക എളുപ്പമല്ല. തന്നെക്കാൾ കൂടുതൽ കാലം എംപിയായി ഇരുന്നവരെ ആരും ഒന്നും പറയുന്നില്ല. തന്നെ മാത്രമാണു വേട്ടയാടുന്നതെന്നും അദ്ദേഹം പറഞ്ഞു. ജീവിതാനുഭവങ്ങളെക്കുറിച്ചും മാധ്യമ പ്രചാരണങ്ങളെക്കുറിച്ചുമാണു കൊടിക്കുന്നിൽ പറഞ്ഞതെന്ന് വി.ഡി.സതീശൻ മാധ്യമങ്ങളോടു പ്രതികരിച്ചു.