വിഴിഞ്ഞം വയബിലിറ്റി ഗ്യാപ് ഫണ്ട്: ഒടുവിൽ സർക്കാർ കേന്ദ്രത്തിനു വഴങ്ങി

Mail This Article
തിരുവനന്തപുരം ∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) അനുവദിക്കുന്നതിൽ ഒടുവിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിനു വഴങ്ങി. കേന്ദ്രം നൽകുന്ന വിജിഎഫ് ആയ 817.8 കോടി രൂപ, തുറമുഖത്തിന്റെ വരുമാന വിഹിതം സഹിതം തിരിച്ചടയ്ക്കാനുള്ള നിർദേശം അംഗീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അടിസ്ഥാനസൗകര്യ വികസനത്തിൽ സ്വകാര്യനിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സാമ്പത്തികമായി ലാഭകരമാകാത്ത പദ്ധതികൾക്കു പ്രഖ്യാപിച്ച ധനസഹായമായ വിജിഎഫ് കേരളത്തിനു മാത്രം വായ്പയായി മാറ്റിയാണ് കേന്ദ്ര സർക്കാർ നൽകുന്നത്.
തൂത്തുക്കുടി ഉൾപ്പെടെയുള്ള തുറമുഖങ്ങൾക്ക് അനുവദിച്ച രീതിയിൽ വിജിഎഫ് ഗ്രാന്റായി നൽകണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം കേന്ദ്രം തുടർച്ചയായി നിരസിച്ച പശ്ചാത്തലത്തിലാണു തിരിച്ചടയ്ക്കാനുള്ള തീരുമാനം. 817.8 കോടി രൂപ തിരിച്ചടച്ചു തീരുന്നതുവരെ, തുറമുഖ പദ്ധതിയിൽനിന്നു സംസ്ഥാനത്തിനു ലഭിക്കുന്ന വരുമാന വിഹിതത്തിന്റെ 20% കേന്ദ്രത്തിനു നൽകണം. വരുമാന വിഹിതം ലഭിച്ചു തുടങ്ങുന്ന 2034 ലെ മൂല്യം കണക്കാക്കി ഏതാണ്ട് 12,000 കോടി രൂപ ഇത്തരത്തിൽ നൽകേണ്ടിവരും.
കേന്ദ്ര വിജിഎഫ് വേണ്ടെന്നു വച്ചാൽ ആ വിഹിതം കൂടി അദാനി കമ്പനിക്കു സംസ്ഥാന സർക്കാർ നൽകേണ്ടിവരും. വിജി എഫ് വായ്പയായി മതിയെന്നും തിരിച്ചടവു തീരുംവരെ വരുമാനത്തിന്റെ 20 % നൽകാമെന്നും 2014 ൽ സംസ്ഥാന സർക്കാർ രേഖാമൂലം സമ്മതിച്ചതും ഗ്രാന്റായി വേണമെന്ന ഇപ്പോഴത്തെ വാദത്തിനു തിരിച്ചടിയായി.
കമ്മിഷനിങ് ഉടൻ
∙ വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മിഷനിങ്ങിനു പ്രധാനമന്ത്രിയുടെ തീയതി വൈകാതെ ലഭിക്കും. അടുത്ത മാസമാദ്യം തമിഴ്നാട്ടിലെത്തുമ്പോൾ കമ്മിഷനിങ്ങിനെത്താനുള്ള താൽപര്യം പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ആ സമയത്തു പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ടു മധുരയിലാണ്. ഇതിനുശേഷം ഒരു ദിവസം നൽകാമെന്നാണ് ഇപ്പോൾ പിഎംഒ അറിയിച്ചിരിക്കുന്നത്.