കെവിന്‍ വധം: പ്രതികൾക്ക് ഇരട്ട ജീവപര്യന്തം, അപൂർവങ്ങളിൽ അപൂർവമെന്നു കോടതി
Mail This Article
കോട്ടയം∙ സംസ്ഥാനത്തെ ആദ്യ ദുരഭിമാനക്കൊലയായ കെവിന്‍ വധക്കേസില്‍ 10 പ്രതികൾക്കും ഇരട്ട ജീവപര്യന്തം തടവും മൊത്തം 4.85 ലക്ഷം രൂപ പിഴയും. പിഴത്തുകയിൽ ഒരു ലക്ഷം രൂപ കെവിന്റെ ബന്ധു അനീഷിനു നൽകും. ബാക്കിയുള്ള തുക കെവിന്റെ പിതാവ് ജോസഫ്, നീനു, ജോസഫിന്റെ കുടുംബം എന്നിവർക്കു നൽകും. കൊലപാതകം, തട്ടിക്കൊണ്ടു പോകൽ എന്നീ കേസുകൾക്കാണ് ജീവപര്യന്തം ശിക്ഷ നൽകിയത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.
കൂടാതെ മറ്റ് 7 വകുപ്പുകളിൽ പല പ്രതികൾക്കും ഒരു വർഷം മുതൽ 5 വർഷം വരെ ശിക്ഷയുണ്ട്. പ്രതികളെ പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റി. കുറ്റം ചെയ്തവർ ശിക്ഷ അനുഭവിച്ചുവെന്നു നീനു പ്രതികരിച്ചു. വിധിയിൽ പൂർണ തൃപ്തിയില്ലെന്നു കെവിന്റെ പിതാവ് ജോസഫ് പറഞ്ഞു. സാനു ചാക്കോ അടക്കം നാലു പ്രതികൾക്ക് വധശിക്ഷ ലഭിക്കുമെന്നു കരുതിയിരുന്നു. വിധിയിൽ പൂർണ തൃപ്തിയെന്നു സ്പെഷൽ പ്രോസിക്യൂട്ടർ സി.എസ്.അജയൻ പ്രതികരിച്ചു. അപ്പീലിനു പോകുമെന്നു നീനുവിന്റെ പിതാവ് ചാക്കോ പറഞ്ഞു.
കെവിന്റേത് ദുരഭിമാനക്കൊലയെന്നു വ്യക്തമാക്കിയ കോടതി കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരൻ സാനു ചാക്കോ അടക്കം 10 പ്രതികളെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നും കോടതി പറഞ്ഞു. വിധിയിൽ തൃപ്തിയുണ്ടെന്നും വധശിക്ഷ ഒഴിവാക്കിയതിൽ തെറ്റില്ലെന്നും പ്രോസിക്യൂഷൻ പ്രതികരിച്ചു. പ്രതികൾക്കു വധശിക്ഷ ലഭിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും ഇരട്ട ജീവപര്യന്തം ശിക്ഷിച്ചത് അർഹമായ ശിക്ഷയാണെന്നു കെവിന്റെ പിതാവ് ജോസഫ് പറഞ്ഞു. കോടതി വെറുതെവിട്ട നീനുവിന്റെ പിതാവ് ചാക്കോയ്ക്കെതിരെ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികൾക്കു വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്‍റെ ആവശ്യം. കൊലക്കുറ്റം, തടഞ്ഞുവച്ച് വിലപേശല്‍ എന്നീ വകുപ്പുകള്‍ പത്ത് പ്രതികള്‍ക്കെതിരെയും ചുമത്തിയിരുന്നു. ഇത് കൂടാതെ ഏഴ് വകുപ്പുകള്‍ വേറെയുമുണ്ട്. ദുരഭിമാനക്കൊല അപൂർവങ്ങളിൽ അപൂർവമായി കണക്കാക്കാം എന്ന സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്കു പരമാവധി ശിക്ഷ നൽകണം എന്നായിരുന്നു പ്രോസിക്യൂഷന്‍റെ പ്രധാന ആവശ്യം.
പ്രതികളിൽ നിന്ന് നല്ലൊരു തുക പിഴ ഈടാക്കി കെവിന്റെ കുടുംബത്തിനും നീനുവിനും കെവിന്റെ സുഹൃത്ത് അനീഷിനും നൽകണം എന്നും പ്രോസിക്യൂഷൻ അന്തിമ വാദത്തില്‍ ആവശ്യപ്പെട്ടു. പ്രതികളുടെ പ്രായവും ജീവിത സാഹചര്യങ്ങളും കണക്കിലെടുക്കണമെന്നും പശ്ചാത്തപിക്കാനും തെറ്റ് തിരുത്താനും അവസരം നൽകണമെന്നും പ്രതിഭാഗം അഭിഭാഷകർ ആവശ്യപ്പെട്ടു. മൂന്ന് മാസം കൊണ്ടാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിചാരണ പൂര്‍ത്തിയാക്കിയത്. നീനുവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ 2018 മേയ് 27നാണ് പ്രതികൾ കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്.
English Summary: Kevin murder case: All 10 convicts get double life sentence