ഇത് ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഏറ്റവും മികച്ച സമയം: ഉദയ് കോട്ടക്ക്
Mail This Article
മുംബൈ∙ വിദേശകമ്പനികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഏറ്റവും ഉചിതമായ സമയം ഇതാണെന്ന് ഏഷ്യയിലെ ഏറ്റവും സമ്പന്നനായ ബാങ്കര്‍ ഉദയ് കോട്ടക്ക്. ഡിജിറ്റല്‍ മുതല്‍ കണ്‍സ്യൂമര്‍ സെക്ടര്‍ വരെയുള്ള കമ്പനികളില്‍ മുതല്‍മുടക്കാന്‍ വിദേശ കമ്പനികള്‍ തയാറാകണം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സമ്പദ്‌മേഖല ഏറ്റവും വെല്ലുവിളി നേരിടുന്ന ഘട്ടത്തിലാണ് നിക്ഷേപം നടത്തേണ്ടതെന്നാണ് തന്റെ വിശ്വാസമെന്നും കോട്ടക്ക് മഹീന്ദ്ര ബാങ്കിന്റെ എംഡിയായ ഉദയ് കോട്ടക്ക് പറഞ്ഞു. ബ്ലൂംബെര്‍ഗ് ഇന്ത്യ സാമ്പത്തിക ഉച്ചകോടിയില്‍ കാര്‍ലയല്‍ ഗ്രൂപ്പ് സഹസ്ഥാപകന്‍ ഡേവിഡ് റുബെന്‍സ്‌റ്റൈനുമായുള്ള സംവാദത്തിനിടെയാണ് ഉദയ് കോട്ടക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഡിജിറ്റല്‍, ഇ-കൊമോഴ്‌സ്, ടെക്‌നോളജി, ഫാര്‍മസ്യൂട്ടിക്കല്‍, കണ്‍സ്യൂമര്‍ എന്നീ മേഖലകളാണ് നിക്ഷേപം നടത്താന്‍ ഏറ്റവും ഉചിതമെന്ന് ഉദയ് കോട്ടക്ക് പറഞ്ഞു. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ യുഎസിനു പുറത്തു നിക്ഷേപം നടത്താവുന്ന ഏറ്റവും മികച്ച രാജ്യമായി ഇന്ത്യ മാറുമെന്ന് ഡേവിഡ് റുബെന്‍സ്‌റ്റൈന്‍ പറഞ്ഞു. ചൈനയിലേതു പോലെ ഇന്ത്യയില്‍ അത്രത്തോളം വിദേശനിക്ഷേപം എത്തിയിട്ടില്ല. എന്നാല്‍ അടുത്ത പത്തുവര്‍ഷത്തില്‍ കാര്യങ്ങള്‍ മാറും. നിക്ഷേപസൗഹൃദ രാജ്യമായി ഇന്ത്യ മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇ-കൊമോഴ്‌സ് മുതല്‍ ഡിജിറ്റല്‍ പണമിടപാട് മേഖലയിലുള്ള സ്ഥാപനങ്ങളില്‍ വരെ വിദേശനിക്ഷേപകര്‍ മുതല്‍മുടക്കു വര്‍ധിപ്പിച്ചിട്ടുണ്ട്. ചൈനയിലെ ഡിജിറ്റല്‍ മുന്നേറ്റത്തിന്റെ ആദ്യനാളുകളിലേതിനു സമാനമായ തരത്തിലാണ് ഈ മേഖലയില്‍ വിദേശനിക്ഷേപം ഒഴുകിയെത്തുന്നത്. മാര്‍ച്ചില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതു മുതലാണ് ഈ മേഖലകളില്‍ ശക്തമായ മുന്നേറ്റം ദൃശ്യമായിരിക്കുന്നത്. ജിയോ പ്ലാറ്റ്‌ഫോമിന്റെ 33% ഓഹരി, ഫെയ്‌സ്ബുക് ഉള്‍പ്പെടെയുള്ള നിക്ഷേപകര്‍ക്കു വിറ്റതിലൂടെ ഏഷ്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനി ഈ വര്‍ഷം 20 ബില്യണ്‍ ഡോളറാണ് സമാഹരിച്ചത്.