‘കോൺഗ്രസ് പാക്കിസ്ഥാനോടൊപ്പമോ? സോണിയയും രാഹുലും രാജ്യത്തോട് വിശദീകരിക്കണം’
Mail This Article
ന്യൂഡൽഹി∙ ജമ്മു കശ്മീരിലെ നാഷനൽ കോൺഫറൻസ്, പിഡിപി തുടങ്ങിയ പാർട്ടികളുടെ ദേശവിരുദ്ധ കാഴ്ചപ്പാടിനെ കോൺഗ്രസ് പിന്തുണയ്ക്കുന്നുണ്ടോയെന്ന് ബിജെപി. പാക്കിസ്ഥാൻ പോലുള്ള രാജ്യങ്ങളുടെ ആവശ്യമാണ് 370ാം അനുച്ഛേദം പുനഃസ്ഥാപിക്കുക എന്നത്. ഇത്തരം നിരവധി വിഷയങ്ങളിൽ ഈ പാർട്ടികളുടെ നിലപാടിനൊപ്പമാണോ കോൺഗ്രസ് എന്നാണ് വാർത്താസമ്മേളനത്തിൽ മുതിർന്ന ബിജെപി നേതാവും കേന്ദ്രനിയമ മന്ത്രിയുമായ രവിശങ്കർ പ്രസാദ് ചോദിച്ചത്.
‘സോണിയ ഗാന്ധിയോടും രാഹുൽ ഗാന്ധിയോടും ചോദിക്കുകയാണ്. 370ാം അനുച്ഛേദം പുനഃസ്ഥാപിക്കണമെന്നാണോ നിങ്ങളുടെ ആഗ്രഹം. ഇക്കാര്യത്തിൽ രാജ്യത്തോടു വിശദീകരണം നൽകണം. ജനോപകാരപ്രദമായ നിയമങ്ങൾ പിൻവലിക്കുന്നതിനെ കോൺഗ്രസ് അംഗീകരിക്കുന്നുണ്ടോ?’ ജമ്മു കശ്മീരിലെ വിവിധ പാർട്ടികളുടെ സഖ്യമായ പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ എന്ന സംഘടനയെ ആക്രമിച്ചാണ് രവിശങ്കർ പ്രസാദിന്റെ ചോദ്യങ്ങൾ.
ചൈനയുടെ പിന്തുണയോടെ 370ാം അനുച്ഛേദം പുനഃസ്ഥാപിക്കപ്പെട്ടിരുന്നെങ്കിലെന്ന് ആശിച്ച ഫാറൂഖ് അബ്ദുല്ലയുടെ രാജ്യ വിരുദ്ധ നിലപാടിനെയും ജമ്മു കശ്മീരിന്റെ പതാക തിരികെക്കൊണ്ടുവരുന്നതുവരെ ദേശീയപതാക ഉയർത്തില്ലെന്ന മെഹ്ബൂബ മുഫ്തിയുടെ നിലപാടിനെയും കോൺഗ്രസ് പിന്തുണയ്ക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ജമ്മു കശ്മീരിനു പുറത്തേക്ക് വിവാഹം കഴിച്ചയച്ചാല്‍ സ്ത്രീകൾക്ക് വസ്തുക്കളിന്മേൽ അവകാശം നഷ്ടപ്പെടുമായിരുന്നു. അഴിമതി വിരുദ്ധ നിയമങ്ങൾ, സമൂഹത്തിലെ പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള സംവരണം തുടങ്ങി നിരവധി മനുഷ്യത്വമുള്ള കേന്ദ്ര നിയമങ്ങൾ നടപ്പാക്കിയിരുന്നില്ല. ജമ്മു കശ്മീരിനെ ‘ഇടുങ്ങിയ യാഥാസ്ഥിതികതയിലേക്ക്’ കൊണ്ടുപോവുകയാണ് ഗുപ്കർ സഖ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
English Summary: Do you support 'anti-national' views of NC, PDP: BJP to Congress