വാക്സീൻ നിര്‍ബന്ധമാക്കരുത്; അത് തെറ്റായ വഴി: രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന
Mail This Article
ജനീവ∙ കോവിഡ് വാക്സീന്‍ നിര്‍ബന്ധമാക്കരുതെന്ന് രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന. വാക്സീന്‍ നിര്‍ബന്ധമാക്കുന്നത് തെറ്റായ വഴിയാണെന്നും ഗുണവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍കരിക്കുകയാണ് വേണ്ടതെന്നും ലോകാരോഗ്യസംഘടന രോഗപ്രതിരോധവിഭാഗം മേധാവി കെയ്റ്റ് ഒബ്രിയന്‍ പറഞ്ഞു. ജനങ്ങളുടേതാവണം അന്തിമ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബ്രിട്ടനില്‍ ഫൈസര്‍,ബയോഎന്‍ടെക് വാക്സീനുകള്‍ ഇന്ന് നല്‍കിത്തുടങ്ങും. എട്ടുലക്ഷം പേര്‍ക്കാണ് ആദ്യ ആഴ്ച വാക്സീന്‍ നല്‍കുക.
അതേസമയം കോവിഡ് വാക്സീന് അംഗീകാരം നൽകണമെന്നാവശ്യപ്പെട്ട് പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ടും ഫൈസർ ഇന്ത്യയും സമർപ്പിച്ച അപേക്ഷകളിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമുണ്ടാകും. വാക്സീനു രാജ്യം ഏറെ കാത്തിരിക്കേണ്ടി വരില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഇന്ത്യയിൽ പരീക്ഷണം നടത്താതെ തന്നെ വാക്സീന് അംഗീകാരം നൽകണമെന്നാണ് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷനു (സിഡിഎസ്‍സിഒ) ഫൈസർ നൽകിയ അപേക്ഷയിൽ പറയുന്നത്.
പരീക്ഷണത്തിൽ പങ്കെടുത്തവരിൽ കുറച്ചുപേരുടെ ഫലം സംബന്ധിച്ച ഇടക്കാല റിപ്പോർട്ടുമായാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് അപേക്ഷ നൽകിയത്. ഓക്സ്ഫഡ് വികസിപ്പിച്ച വാക്സീൻ ‘കോവിഷീൽഡ്’ എന്ന പേരിലാണ് സീറം വിപണിയിലെത്തിക്കുക. അപേക്ഷകളിൽ പ്രാഥമിക പരിശോധന തുടങ്ങിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
സിഡിഎസ്‍സിഒയ്ക്കു കീഴിലെ വിദഗ്ധരുടെ സ്വതന്ത്ര സമിതി (എസ്ഇസി) നൽകുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഡ്രഗ്സ് കൺട്രോളറാണ് അന്തിമ തീരുമാനമെടുക്കുക. അടിയന്തര സാഹചര്യം പരിഗണിച്ച് അംഗീകാരം നൽകണമെന്നാണ് ഇരു കമ്പനികളും ആവശ്യപ്പെട്ടിരിക്കുന്നത്.
English Summary: WHO Against Mandatory Covid-19 Vaccines