കേരളത്തില്‍ വാക്സീന്‍ വിതരണത്തില്‍ മെല്ലെപ്പോക്ക്; സ്വീകരിക്കാനും വിമുഖത
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്ത് വാക്സീന്‍ വിതരണത്തില്‍ മെല്ലെപ്പോക്ക്. പല ജില്ലകളിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സീന്‍ സ്വീകരിക്കാന്‍ വിമുഖതയുണ്ടെന്നാണ് വിലയിരുത്തല്‍. റജിസ്റ്റര്‍ ചെയ്യുന്ന പോര്‍ട്ടലില്‍ തുടരുന്ന പ്രശ്നങ്ങളും ഏകോപന കുറവും വാക്സീന്‍ വിതരണം പ്രതീക്ഷിച്ച വേഗം കൈവരിക്കാത്തതിനു പിന്നിലുണ്ട്.
ഫെബ്രുവരി അഞ്ചോടെ മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സീന്‍ വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. റജിസ്റ്റർ ചെയ്തത് നാലര ലക്ഷത്തോളം ആരോഗ്യപ്രവര്‍ത്തകരാണ്. 21 ദിവസം കൊണ്ട് വാക്സീന്‍ നൽകാനായത് 2,90,112 പേര്‍ക്ക് മാത്രം. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കോവിഡ് ബാധിതര്‍ തുടങ്ങിയവരെ ഒഴിവാക്കി ബാക്കിയുളള 90 ശതമാനം പേര്‍ക്ക് വാക്സീന്‍ നൽകാനായിരുന്നു പദ്ധതി.
എന്നാല്‍ പല ജില്ലകളിലും പ്രതിദിനം 70 ശതമാനം പോലും ലക്ഷ്യം കൈവരിക്കാനായിട്ടില്ല. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ വാക്സീന്‍ സ്വീകരിച്ച് മാതൃക കാട്ടിയിട്ടും മടിച്ചു നിൽക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഒട്ടേറയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്തതിലെ അപാകതകള്‍ കാരണം പുറന്തളളപ്പെട്ടവരുമുണ്ട്.
ഇതിന്റെ കൂടെയാണ് റജിസ്ട്രേഷനുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍ തുടരുന്നത്. പലര്‍ക്കും എത്തേണ്ട സമയവും സ്ഥലവും സംബന്ധിച്ച് കൃത്യമായി അറിയിപ്പ് ലഭിക്കുന്നില്ല. സ്വകാര്യ ആശുപത്രികള്‍ അവിടത്തെ ജീവനക്കാര്‍ക്ക് വാക്സീന്‍ ലഭിച്ചാല്‍ പിന്നെ വിതരണത്തില്‍ താൽപര്യമെടുക്കാത്തതും തടസമാണെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു.
ഫെബ്രുവരി പതിനഞ്ച് മുതല്‍ വാക്സീന്‍ വിതരണത്തിന്റെ അടുത്ത ഘട്ടം ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്ക് രണ്ടാം ഡോസും നൽകണം. എന്നാല്‍ ആദ്യഘട്ടം തന്നെ ഇങ്ങനെ പയ്യെപ്പോയാല്‍ എങ്ങനെ ലക്ഷ്യം പൂര്‍ത്തിയാക്കുമെന്നാണ് ആശങ്കയുയരുന്നത്.
Content Highlight: Covid-19 vaccination in Kerala