മൻസുക് ഹിരണിന്റെ ദുരൂഹമരണം: അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കും
Mail This Article
മുംബൈ ∙ മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കളുമായി കണ്ടെത്തിയ കാർ നേരത്തെ കൈവശം വച്ചിരുന്ന മൻസുക് ഹിരൺ കടലിടുക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കും. മഹാരാഷ്ട്ര പൊലീസിന്റെ ഭീകര വിരുദ്ധ സ്ക്വാഡാണ് കേസ് നിലവിൽ അന്വേഷിക്കുന്നത്. കാണാതായതിനു പിന്നാലെ കഴിഞ്ഞ 5 നാണ് മൻസുക് ഹിരണിനെ കടലിടുക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൻസുക് ഹിരൺ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കണ്ടെത്താനായിട്ടില്ല.
മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കളുമായി ഫെബ്രുവരി 25ന് കാർ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്ന എൻഐഎ സംഘം മുംബൈ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് ഇൻസ്പെക്ടർ സച്ചിൻ വാസെയെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തു. സച്ചിൻ വാസെയുടെ ഓഫിസിൽ എൻഐഎ സംഘം നടത്തിയ പരിശോധനയിൽ ലാപ്ടോപ്, ഐപാഡ്, മൊബൈൽ ഫോൺ എന്നിവ കസ്റ്റഡിയിലെടുത്തിരുന്നു. സച്ചിൻ വാസെയെ 25 വരെ എൻഐഎ കസ്റ്റഡിയിൽ തുടരും.
English Summary: NIA likely to take over probe into Mansukh Hiren's death