നടത്തിയത് ഭാവിയിൽ അഫ്സ്പ പിൻവലിക്കാൻ വേണ്ടിയുള്ള തറക്കല്ലിടൽ: ബിജെപി
Mail This Article
ഇംഫാൽ∙ മണിപ്പുരിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പു വിഷയങ്ങളിലൊന്നായ പ്രത്യേക സായുധ സൈനികാധികാര നിയമം (അഫ്സ്പ) പിൻവലിക്കുന്നതുമായി ബന്ധപ്പെട്ടു ബിജെപിക്കെതിരായ പ്രചാരണങ്ങളെ പ്രതിരോധിച്ചു മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്. ഭാവിയിൽ അഫ്സ്പ പിൻവലിക്കാൻ വേണ്ടിയുള്ള തറക്കല്ലിടലാണ് ബിജെപി കഴിഞ്ഞ അഞ്ചു വർഷം നടത്തിയതെന്നും ബിരേൻ സിങ് പറഞ്ഞു.
പ്രതിപക്ഷത്തിന് ഈ ആവശ്യം ഉയർത്താൻ ആത്മവിശ്വാസം നൽകിയത് ബിജെപിയുടെ ഭരണമാണ്. അഫ്‌സ്പ പിന്‍വലിക്കാന്‍ അവസരമൊരുക്കുന്ന രീതിയില്‍ സംസ്ഥാനത്തു സമാധാന അന്തരീക്ഷമുണ്ടാക്കാൻ ബിജെപിക്കു കഴിഞ്ഞുവെന്നും മണിപ്പുർ മുഖ്യമന്ത്രി അവകാശവാദം ഉന്നയിച്ചു. കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ മാത്രമല്ല, ഭരണപങ്കാളികളായ എൻപിപി, എൻപിഎഫ് ഉൾപ്പെടെയുള്ള പാർട്ടികളും അഫ്സ്പ തിരഞ്ഞെടുപ്പു വിഷയമാക്കിയതോടെയാണു വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.
അഫ്സ്പ പിൻവലിക്കുന്നതിനു മുൻപു കേന്ദ്രത്തെ നിലവിലെ സാഹചര്യം ബോധ്യപ്പെടുത്തേണ്ടതുണ്ട്. മ്യാന്മറുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമായതിനാൽ മതിയായ കൂടിയാലോചനകൾ ആവശ്യമുണ്ട്. വിമത സംഘടനകളുമായും വിശദമായ ചർച്ചകൾ വേണ്ടിവരും. ഇത്തരം ചർച്ചകൾക്ക് സാഹചര്യം ഒരുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും പ്രതിപക്ഷത്തിന്റേത് തിരഞ്ഞെടുപ്പ് മുന്നിൽകണ്ടു നടത്തുന്ന പൊള്ളയായ പ്രചാരണം മാത്രമാണെന്നും ബീരേൻ സിങ് വിശദീകരിക്കുന്നു. ബിജെപി അഫ്സ്പയെ 'സംഘടിത അക്രമ' നിയമമാക്കി മാറ്റിയെന്ന കോൺഗ്രസ് ആക്ഷേപത്തോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നാഗാലാൻഡിലെ മോൺ ജില്ലയിൽ 14 ഗ്രാമീണവാസികളെ അസം റൈഫിൾസ് വെടിവച്ചു കൊന്നതിനെത്തുടർന്ന് അഫ്സ്പയ്ക്കെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. അഫ്സ്പ പിൻവലിക്കുമെന്നാണു കോൺഗ്രസിന്റെ ഉറപ്പ്. കോൺഗ്രസ്, എൻപിപി, എൻപിഎഫ്, ജെഡിയു തുടങ്ങിയ പാർട്ടികൾ അധികാരത്തിൽ വന്നാൽ സൈന്യത്തിന്‍റെ പ്രത്യേക അധികാരനിയമം പിൻവലിക്കുമെന്നു തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വാഗ്ദാനം നൽകിയിരുന്നു.
സാധാരണ ജനത്തിനു വേണ്ടതു സമാധാനവും വികസനവുമാണ്. ഇതു രണ്ടും ഇവിടെ ഉണ്ടെന്നും അഫ്സ്പ ഒരു പ്രശ്നമേയല്ലെന്നുമായിരുന്നു ബിജെപിയുടെ നിലപാട്. എന്നാൽ പ്രചാരണരംഗത്ത് അഫ്സ്പ വൻ ചർച്ചയായതോടെയാണു വിഷയത്തിൽ വിശദീകരണവുമായി ബിജെപി രംഗത്തെത്തിയത്.
English Summary: BJP Clarifies Stand On Repeal Of AFSPA From Manipur