ADVERTISEMENT

തൃശൂർ ∙ ‘മൈ റിട്ടയർമെന്റ് ഈസ് ടു കബർ’ – മനോരമ ന്യൂസ് കോൺക്ലേവിലെ ബിസിനസ് സംവാദത്തിലാണു ലൂലു ഗ്രൂപ്പ് മേധാവി എം.എ.യൂസഫലിയുടെ ശ്രദ്ധേയമായ വാക്കുകൾ. കുറെ പണം സമ്പാദിച്ചാൽ സ്വാതന്ത്ര്യം ലഭിക്കുമെന്നു ചിന്തിക്കാമോ എന്ന ചോദ്യത്തിനായിരുന്നു മറുപടി. റിട്ടയറായി വീട്ടിലിരിക്കാം എന്നു കരുതിയാൽ നമ്മൾ ഒന്നുമല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. 

കൂടുതൽ പണം ലഭിക്കുമ്പോൾ കൂടുതൽ കാര്യങ്ങൾ ചെയ്യുമെന്നും അതു കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകുകയാണ് ചെയ്യുന്നതെന്നും മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി.അഹമ്മദ് പ്രതികരിച്ചു. ബിസിനസുകാർക്ക് എല്ലാവരോടും ഉത്തരവാദിത്തമുണ്ട്. എല്ലാവരും ഉത്തരവാദിത്തമുള്ള ജനങ്ങളാകണം. ഇവിടെ നിയമവിരുദ്ധമായി ഒരുപാടു കാര്യങ്ങൾ നടക്കുന്നുണ്ട്. നികുതിയിലും അല്ലാതെയും പല കാര്യങ്ങൾ നടക്കുന്നു. പൊതുജനം പ്രതികരിച്ചാൽ മാറ്റമുണ്ടാകും. ടെക്നോളജി ഉപയോഗിച്ചു സ്വതന്ത്രരാകുകയാണു വേണ്ടത്. പലർക്കും പല ഉത്തരവാദിത്തങ്ങളാണ് ഉള്ളത്. അതു മനസ്സിലാക്കി പൊതുസമൂഹത്തിനു ഗുണകരമായ നിലയിൽ മുന്നോട്ടു പോകുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.  

താൻ രാഷ്ട്രീയം പഠിച്ചു വച്ചിട്ടുണ്ടെങ്കിലും പരസ്യമായി പറയാൻ പറ്റില്ലെന്ന മുൻകൂർ ജാമ്യമെടുത്തു തുടങ്ങിയ ചർച്ചയിൽ ബിസിനസിനെക്കുറിച്ചു ചോദിച്ചാൽ മറുപടി പറയാമെന്ന് യൂസഫലി നിലപാടെടുത്തു. ബിസിനസ് സൗഹൃദ രാജ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് എല്ലാ രാജ്യത്തെയും നിയമങ്ങളും സാധ്യതകളും മനസ്സിലാക്കി ബിസിനസ് ചെയ്യുകയാണ് വേണ്ടതെന്നായിരുന്നു മറുപടി. ഓരോ രാജ്യത്തിനും വൈവിധ്യങ്ങളായ പ്രശ്നങ്ങളും ഇല്ലായ്മയുമുണ്ട്. ഒരു രാജ്യത്തും ഒന്നും സൗജന്യമല്ല. ഓരോ രാജ്യത്തും അവരവരുടെ നിയമങ്ങളും ആവശ്യങ്ങളുമുണ്ട്. അവ അനുസരിച്ചു ബിസിനസ് ചെയ്യുകയാണ്. ഒരു രാജ്യം നല്ലത് മറ്റൊരു രാജ്യം മോശം എന്നു പറയാനാവില്ല. എല്ലാ രാജ്യങ്ങളിലും വ്യവസായം നടത്താൻ സന്തോഷമാണ്, സ്വാതന്ത്ര്യമുണ്ട്‌– യൂസഫലി പറഞ്ഞു.

∙ ബിസിനസ് സേവനമാണ്

ഡോക്ടർമാരെയും അധ്യാപകരെയും പോലെ ബിസിനസിനെയും സേവനമായാണ് കാണുന്നതെന്നായിരുന്നു എം.പി.അഹമ്മദിന്റെ നിലപാട്. പലരും പലരീതിയിൽ സേവനം ചെയ്യുമ്പോൾ ബിസിനസുകാരും സേവനമാണ് ചെയ്യുന്നത്. പ്രഫഷണൽ രീതിയിൽ ബിസിനസ് ചെയ്യുക എന്നതാണ് പഠിച്ചിരിക്കുന്നത്. ഏതു രാജ്യമാണ് എത്രത്തോളം സാഹചര്യം തരുന്നു എന്നതു പ്രധാനമാണ്. ഓരോ രാജ്യത്തിനും ഓരോ ആവശ്യങ്ങളും താൽപര്യവുമുണ്ട്.

അനുഭവത്തിൽ സിംഗപ്പൂരാണ് ബിസിനസിന് ഏറ്റവും അനുകൂലമായ രാജ്യം. ഇവിടെ ബിസിനസ് ഗ്രൂപ്പിന് അനുകൂലമായ നിയമങ്ങളും സാഹചര്യങ്ങളുമുണ്ട്. ബ്യൂറോക്രസിയുടെ തടസ്സങ്ങളില്ല എന്നതാണ് പ്രധാനം. സർക്കാർ പറയുന്ന ചെലവു ചെയ്താൽ എല്ലാം നൽകുന്നതാണ് രീതി. എന്ത് ഉൽപന്നം ഇറക്കിയാലും നികുതി അടയ്ക്കണം. എല്ലാം ഡിജിറ്റൽ മാനേജ്മെന്റിൽ ചെയ്യാം എന്നതാണ് നേട്ടം. ശരിയായ രീതിയിലുള്ളതാണെങ്കിൽ ഏതു രാജ്യത്തും ബിസിനസ് ചെയ്യാം. 

സാങ്കേതികവിദ്യ സർക്കാർ ഉപയോഗപ്പെടുത്തണം. അതുപയോഗിച്ചു ഗുണകരമായി പ്രവർത്തിക്കാം. അപ്പോൾ അഴിമതിയുണ്ടാകില്ല. ഇന്ത്യയുടെ ഏറ്റവും വലിയ ടെൻഷൻ അഴിമതിയാണെന്ന് എല്ലാവരും പറയുന്നു. സമാന്തര സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടെ ശാപം. അതുകൊണ്ടുതന്നെ നിയമങ്ങൾ ശക്തമായ രീതിയിൽ നടപ്പാക്കണം. ഏറ്റവും കരുത്തുള്ള രാജ്യം ഇന്ത്യയാണ്. അഞ്ച് ട്രില്യൻ ഇക്കോണമിയാകണമെന്നു പ്രധാനമന്ത്രി പറയുമ്പോൾ ഇപ്പോൾ തന്നെ ഇന്ത്യയിൽ ഇത്രവലിയ സമ്പത്തുണ്ട്. പക്ഷേ എല്ലാം അക്കൗണ്ടിൽ വരുന്നില്ല എന്നതാണ് പ്രശ്നമെന്നും മുഹമ്മദ് പറഞ്ഞു. 

∙ സുതാര്യതയും കഠിനാധ്വാനവും വിജയം

ബിസിനസിൽ സുതാര്യത ഉണ്ടാകുക എന്നതാണ് വ്യവസായത്തിന്റെ വിജയമെന്ന് യൂസഫലി വ്യക്തമാക്കി. കാര്യശേഷിയാണ് ബിസിനസിനെ വിജയിപ്പിക്കുന്നത്. കഠിനാധ്വാനമാണ് വിജയം. ഉപഭോക്താവിന് ഏറ്റവും നല്ല സാധനം, നല്ല ബ്രാൻഡ്, കുറഞ്ഞ വിലയിൽ ലഭ്യമാക്കുകയാണ് പ്രധാനം. എത്ര നല്ല ഷോപ്പിങ് മാൾ കെട്ടിപ്പടുത്താലും ആദ്യ ദിവസവും രണ്ടാമത്തെ ദിവസവും യൂസഫലി നന്നായി ചെയ്തിട്ടുണ്ട് എന്നു പറയും. പക്ഷേ മൂന്നാമത് വരില്ല. എന്തെല്ലാം തരത്തിൽ ഗുണമേൻമ ഉറപ്പു വരുത്താം, എങ്ങനെ വിലയിൽ സംതൃപ്തമാക്കാൻ പറ്റും എന്നതിലാണ് വിജയം. ഇക്കാര്യത്തിൽ ഗവേഷണം വേണം.

അതേസമയം, ഉപഭോക്താക്കൾക്ക് എല്ലാ ആവശ്യവും നിവർത്തിച്ചു കൊടുക്കാനും സാധിക്കില്ല. ഇന്ത്യ മികച്ച വിപണിയാണെങ്കിലും പഴയ നിയമങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിന് ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. നിയമങ്ങൾ മാറിയാൽ അവർക്കു കാര്യങ്ങൾ ചെയ്യാം. ചെയ്യുന്ന ബിസിനസ് സുതാര്യമായാൽ ഒരു ടെൻഷനും വേണ്ട. രാഷ്ട്രീയ പാർട്ടികളെ അതിന്റെ ഭാഗമായി കാണേണ്ട. ആളുകൾക്കു ജോലിയുണ്ടാകുക, പണം ചെലവഴിക്കുക, നിയമപരമായി എവിടെ പോയാലും ആ രാജ്യത്തിന്റെ നിയമം നൂറു ശതമാനം പാലിക്കുക എന്നതാണ് ആവശ്യം.

Manorama News Conclave 2022
മനോരമ ന്യൂസ് കോൺക്ലേവിലെ ബിസിനസ് സംവാദത്തിൽ പങ്കെടുക്കുന്ന ലൂലു ഗ്രൂപ്പ് മേധാവി എം.എ.യൂസഫലിയും മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി.അഹമ്മദും. ചിത്രം: വിഷ്ണു വി.നായർ ∙ മനോരമ

തനിക്ക് എല്ലാ രാഷ്ട്രീയക്കാരുമായ‌ും നല്ല ബന്ധമാണുള്ളത്. ഒരു കച്ചവടക്കാരന് എല്ലാവരുമായും ബന്ധം വേണം. അവരുമായി സംസാരിക്കാറുണ്ട്. നിയമങ്ങൾ മാറ്റപ്പെട്ടിട്ടുണ്ട്. നോൺ റസിഡന്റ് സ്റ്റാറ്റസ് ഉള്ള ആൾക്ക് ബിസിനസ് ചെയ്യാനും മൾട്ടി ബ്രാൻഡ് കൊണ്ടുവരാനും നേരത്തേ സാധിക്കില്ലായിരുന്നു. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബോധ്യപ്പെടുത്തി. ബിസിനസ് ചെയ്താൽ ഫെമ, ഫെറ നോട്ടിസ് വരുമെന്നു പറഞ്ഞു. ഇതിനു പിന്നാലെ എൻആർഐ നിക്ഷേപം ആഭ്യന്തര നിക്ഷേപമായി പരിഗണിക്കപ്പെട്ടു. അതുകൊണ്ടാണ് ലുലു തുടങ്ങാനായതെന്നും അദ്ദേഹം പറഞ്ഞു.

English Summary: MA Yusuff Ali, MP Ahammed share their business thoughts in Manorama News Conclave 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com