ജിതിന് സ്കൂട്ടർ എത്തിച്ചത് സുഹൃത്തായ വനിതാ നേതാവ്; ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
Mail This Article
തിരുവനന്തപുരം∙ സിപിഎം ആസ്ഥാനമായ എകെജി സെന്ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ കേസിൽ അറസ്റ്റിലായ പ്രതി ആറ്റിപ്ര മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മൺവിള സ്വദേശി ജിതിന്റെ സുഹൃത്തായ പ്രാദേശിക വനിതാ നേതാവിനെ ചോദ്യം ചെയ്യും. പ്രതിക്ക് സ്കൂട്ടർ എത്തിച്ചത് വനിതാ നേതാവാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഇവരെ പ്രതിയാക്കണോയെന്ന് ചോദ്യം ചെയ്യലിനുശേഷം തീരുമാനിക്കും. ഗൂഢാലോചനയിൽ രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് കൂടി പങ്കുണ്ടെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
ആക്രമണമുണ്ടായ ജൂണ്‍ 30ന് രാത്രി 11ന് ഗൗരീശപട്ടത്ത് കാറിലെത്തിയ ജിതിന് അവിടെവച്ച് ഒരു സുഹൃത്ത് സ്കൂട്ടർ എത്തിച്ചുകൊടുത്തു. ജിതിൽ കാറിൽനിന്നിറങ്ങി സ്കൂട്ടറിൽ കയറി എകെജി സെന്ററിനുമുന്നിലെത്തി. സെന്ററിനുനേരെ സ്ഫോടകവസ്തു എറിഞ്ഞശേഷം തിരികെ ഇതേസ്ഥലത്തെത്തി സ്കൂട്ടർ സുഹൃത്തിനു കൈമാറിയശേഷം കാറിൽ വീട്ടിലേക്ക് മടങ്ങിയെന്നാണ് കണ്ടെത്തൽ. ഈ സ്കൂട്ടർ എത്തിച്ചത് വനിതാ നേതാവാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. കേസിൽ വ്യാഴാഴ്ചയാണ് ജിതിനെ അറസ്റ്റു ചെയ്തത്.
English Summary: AKG Centre Attack: Crime Branch to question Woman Leader