‘സ്വപ്ന ബിജെപിയുടെ ദത്തുപുത്രി; സ്വബോധമുള്ള മന്ത്രിമാർ ആരെങ്കിലും മൂന്നാറിലേക്ക് ക്ഷണിക്കുമോ?’

Mail This Article
തിരുവനന്തപുരം ∙ ലൈംഗികചുവയോടെ അടുക്കാനും ബന്ധം പുലർത്താനും ശ്രമിച്ചെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തിന് മറുപടിയുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക്. സ്വപ്ന തന്റെ പേരുപറഞ്ഞത് ബോധപൂർവമാണ്. സന്ദർശകരെ മുകളിലെ മുറിയിൽ സ്വീകരിക്കാറുണ്ട്. ഔദ്യോഗിക വസതിയിൽ വന്നവർക്കെല്ലാം അത് ബോധ്യമുള്ളതാണ്. ആരോപണങ്ങൾക്കു പിന്നിൽ ബിജെപി രാഷ്ട്രീയമാണ്.
സ്വപ്ന ബിജെപിയുടെ ദത്തുപുത്രിയാണ്. സ്വർണക്കടത്തുകേസ് പ്രതിക്ക് പൂർണസംരക്ഷണം നൽകുന്നത് ബിജെപിയാണ്. സിപിഎമ്മിനെ തേജോവധം ചെയ്യാനാണ് സ്വപ്നയുടെ നീക്കം. സ്വബോധമുള്ള മന്ത്രിമാർ ആരെങ്കിലും മൂന്നാറിലേക്ക് ക്ഷണിക്കുമോ? വേണ്ടത്ര താമസസൗകര്യമില്ലാത്ത മൂന്നാറിൽ കറങ്ങാൻ ക്ഷണിക്കുമോ? സാമാന്യയുക്തിക്ക് നിരക്കുന്നതാണോ ഇത്? മന്ത്രിയായിരിക്കെ മൂന്നാർ യാത്രകളൊന്നും നടത്തിയിട്ടില്ല. സ്വപ്ന വീട്ടിലെത്തിയപ്പോൾ മുകളിലേക്ക് വിളിച്ചതിൽ അസ്വാഭാവികതയില്ല.
വീട്ടിൽ താഴെയും മുകളിലും സ്വീകരണമുറികളുണ്ട്. ആരുവന്നാലും ഞാൻ ചിരിച്ചുകൊണ്ടും സ്നേഹത്തിലുമാണ് പറയുക. അതിൽ ആർക്കെങ്കിലും എന്തെങ്കിലും തോന്നിയാൽ എന്റെ തലയിൽ വയ്ക്കേണ്ട. നയതന്ത്ര ഉദ്യോഗസ്ഥരോട് കേരളത്തിലെ സ്ഥലങ്ങൾ കാണാൻ ആവശ്യപ്പെട്ടിരിക്കാം. ആരോപണത്തിനു പിന്നിൽ കൃത്യമായ രാഷ്ട്രീയ അജൻഡയുണ്ട്. അതിനെ രാഷ്ട്രീയമായി നേരിടും. നിയമപരമായി നേരിടണമെങ്കിൽ പാർട്ടി തീരുമാനിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.
തോമസ് ഐസക്, സംസ്ഥാനകമ്മിറ്റി അംഗം പി.ശ്രീരാമകൃഷ്ണൻ, എംഎൽഎയും സംസ്ഥാന കമ്മിറ്റി അംഗവുമായ കടകംപള്ളി സുരേന്ദ്രൻ എന്നിവർ തന്നോട് ലൈംഗികച്ചുവയോടെ അടുക്കാനും ബന്ധം പുലർത്താനും ശ്രമിച്ചെന്നാണ് സ്വപ്നയുടെ ആരോപണം. കേരളത്തിലെ രാഷ്ട്രീയ നേതാക്കളിൽ പലരും ‘ലൈംഗിക മോഹഭംഗം’ അനുഭവിക്കുന്നവരാണെന്നു സ്വപ്ന കുറ്റപ്പെടുത്തിയിരുന്നു.
English Summary: Thomas isaac against Swapna suresh