‘തന്നെക്കൊണ്ട് ചെയ്യിക്കാൻ അറിയാം’; കോന്നി എംഎൽഎ ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്ത്

Mail This Article
പത്തനംതിട്ട ∙ കൂട്ടഅവധി സംബന്ധിച്ച വിവാദത്തിൽ സിപിഎം – സിപിഐ പോരു മുറുകുന്നതിനിടയിൽ കെ.യു.ജനീഷ് കുമാർ എംഎൽഎ നവംബറിൽ കെഎസ്ഇബി ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്ത്. കോന്നിയിലെ സിനിമ തിയറ്ററിന്റെ വൈദ്യുതി ആവശ്യത്തിനു ട്രാൻസ്ഫോമർ സ്ഥാപിക്കാൻ 5.15 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് െകഎസ്ഇബി നൽകിയിരുന്നു.
തിയറ്റർ ഉടമ പണം അടയ്ക്കാതിരുന്നതിനാൽ ട്രാൻസ്ഫോമർ സ്ഥാപിച്ചില്ല. ഇതിനു പകരം തിയറ്ററിനു സമീപം ഇല്ലാത്ത കൗശൽ കേന്ദ്രത്തിന്റെയും വാഹന ചാർജിങ് സ്റ്റേഷന്റെയും പേരിൽ എംഎൽഎ ഫണ്ടിൽനിന്നു പണം മുടക്കി ട്രാൻസ്ഫോമർ സ്ഥാപിക്കുകയും അതിൽ നിന്നു തിയറ്ററിന് കണക്‌ഷൻ കൊടുക്കാൻ ഉദ്യോഗസ്ഥരെ എംഎൽഎ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് ആരോപണം.
നിയമംവിട്ട് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥൻ പറയുമ്പോൾ ‘തന്നെക്കൊണ്ട് ചെയ്യിക്കാൻ എനിക്ക് അറിയാമെ’ന്നും ഭീഷണിപ്പെടുത്തുന്നുണ്ട്.പൊതുഫണ്ട് ഉപയോഗിച്ചു സ്ഥാപിച്ച ട്രാൻസ്ഫോമറിൽ നിന്നു സ്വകാര്യ വ്യക്തിക്കു കണക്‌ഷൻ നൽകാൻ നിയമപരമായി കഴിയില്ലായിരുന്നെങ്കിലും പിന്നീട് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്തു ചേർന്ന യോഗത്തിലാണു പ്രത്യേക അനുമതി വാങ്ങി കണക്‌ഷൻ നൽകാൻ ധാരണയിലെത്തിയെന്നു പറയുന്നു. ഉദ്യോഗസ്ഥൻ വൈകാതെ പത്തനംതിട്ടയിൽ നിന്നു കോട്ടയത്തേക്കു സ്ഥലംമാറ്റം വാങ്ങിപ്പോയി.
English Summary: Phone call recording of KU Jenish Kumar MLA threatening KSEB officer out