‘മൊറാഴ സ്വദേശി, ആഡംബര കാറിൽ യാത്ര’: സ്വപ്ന വെളിപ്പെടുത്തിയ വിജേഷ് ആരാണ്?

Mail This Article
തിരുവനന്തപുരം ∙ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിലെ ഇടനിലക്കാരൻ ‘വിജയ് പിള്ള’യുടെ യഥാർഥ പേര് ‘വിജയ് കൊയിലേത്ത്’ എന്നാണെന്ന് സൂചന. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കും എതിരായ രേഖകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ അറിവോടെ ഇയാൾ എത്തിയെന്നാണു സ്വപ്നയുടെ ആരോപണം.
ഒത്തുതീർപ്പിനെത്തിയത് ‘വിജയ് പിള്ള’ എന്നാണ് സ്വപ്ന ഫെയ്സ്ബുക് ലൈവിൽ പറഞ്ഞത്. ‘വിജേഷ് പിള്ള’ എന്നാണ് വാട്സാപ് ചാറ്റിൽ അയാൾ പരിചയപ്പെടുത്തുന്നതെന്നും സ്വപ്ന വെളിപ്പെടുത്തി. ഇയാളുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ഇമെയിൽ സന്ദേശങ്ങളും സ്വപ്ന പുറത്തുവിട്ടിരുന്നു.
കണ്ണൂർ മൊറാഴ സ്വദേശിയാണ് വിജേഷ് എന്നാണ് വിവരം. ആഡംബര കാറുകളിലാണ് യാത്ര. രണ്ടു ദിവസം മുൻപും വീട്ടിലെത്തിയിരുന്നു. ഇയാള്‍ കൊച്ചിയിലെ ഡബ്ല്യുജിഎന്‍ ഇൻഫോടെക് എന്ന കമ്പനിയുടെ സിഇഒ എന്നാണ് സ്വപ്ന പുറത്തുവിട്ട രേഖയിൽ പറയുന്നത്. രേഖകളിൽ ‘ആക്‌ഷന്‍ ഒടിടി’യുടെ സിഇഒ ആണെന്ന് സൂചിപ്പിക്കുന്ന വാട്സാപ് ചാറ്റും പുറത്തുവിട്ടിരുന്നു. ഈ ഒടിടി പ്ലാറ്റ്ഫോമിൽ പഴയ ചിത്രങ്ങളാണ് റിലീസ് ചെയ്തിരുന്നത്.
കൊച്ചിയിലെ ഡബ്ല്യുജിഎന്‍ ഇൻഫോടെക് എന്ന കമ്പനി നിലവിൽ പ്രവർത്തിക്കുന്നില്ല. സ്വപ്ന നൽകിയ രേഖയിലെ വിലാസം അനുസരിച്ച് കൊച്ചി ഇടപ്പള്ളിയിൽ ഇത്തരമൊരു ഓഫിസില്ല. 2017ൽ കമ്പനി തുടങ്ങിയെങ്കിലും ആറുമാസത്തിനകം പൂട്ടിയെന്ന് കമ്പനി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ പറഞ്ഞു. വാടക കുടിശിക നൽകാനുണ്ടെന്നും കെട്ടിട ഉടമ വ്യക്തമാക്കി.
Content Highlights: Swapna Suresh reveals, Who is Vijay Pillai