തെറ്റായ പ്രചാരണം, കേരളത്തിൽ അവയവദാനം കുറഞ്ഞു; വൃക്ക കിട്ടാനില്ലാതെ 2,308 രോഗികൾ
Mail This Article
തിരുവനന്തപുരം ∙ മസ്തിഷ്ക മരണത്തെ തുടർന്നുള്ള അവയവദാനം ഇതര സംസ്ഥാനങ്ങളിൽ വർധിക്കുമ്പോഴും കേരളത്തിൽ കുറവ്. കഴിഞ്ഞ വർഷം 14 അവയവദാനങ്ങളാണ് നടന്നത്. ഈ വർഷം ഇതുവരെ 11. സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിലൂടെ വൃക്കയ്ക്കായി മാത്രം സംസ്ഥാനത്ത് കാത്തിരിക്കുന്നത് 2,308 രോഗികളാണ്. തെറ്റായ പ്രചാരണങ്ങൾ അവയവദാനത്തിൽനിന്ന് ആളുകളെ അകറ്റുന്നതായി അധികൃതർ പറയുന്നു.
രണ്ടു തരത്തിലാണ് അവയവങ്ങൾ ദാനം ചെയ്യുന്നത്. മസ്തിഷ്ക മരണം സംഭവിച്ച രോഗിയിൽനിന്നും, ജീവിച്ചിരിക്കുന്നവരിൽനിന്ന് സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിലും. കഴിഞ്ഞ വർഷത്തെ 14 മസ്തിഷ്ക മരണങ്ങളിൽ ഒരു ദാതാവ് സർക്കാർ ആശുപത്രിയിൽനിന്നും 13 പേർ സ്വകാര്യ ആശുപത്രിയിൽനിന്നുമായിരുന്നു. ഇതിൽ 14 ദാതാക്കളുടെയും വൃക്കകൾ നൽകിയത് സർക്കാർ ആശുപത്രികൾക്കാണ്. 2015നുശേഷം മസ്തിഷ്ക മരണം സംഭവിച്ചവരുടെ അവയവദാനത്തിൽ കാര്യമായ കുറവ് വന്നു.
2015ൽ 76 പേരുടെ അവയവങ്ങളാണ് ദാനം ചെയ്തത്. 218 പ്രധാന അവയവങ്ങൾ രോഗികൾക്ക് ഉപയോഗിക്കാനായി. കഴിഞ്ഞ വർഷം 14 പേരുടെ 50 അവയവങ്ങളാണ് രോഗികൾക്ക് ഉപയോഗിക്കാനായത്. 2012ൽ അവയവദാനത്തിനുള്ള മൃതസഞ്ജീവനി പദ്ധതി സർക്കാർ ആരംഭിച്ചശേഷം കേരളത്തിലുള്ള മസ്തിഷ്ക മരണം സംഭവിച്ച 347 പേരുടെ അവയവങ്ങൾ ദാനം ചെയ്തു. 996 പ്രധാന അവയവങ്ങൾ രോഗികൾക്ക് ഉപയോഗിക്കാനായി. 231പേർക്ക് സർക്കാർ ആശുപത്രിയിലും 768 പേർക്ക് സ്വകാര്യ ആശുപത്രിയിലും അവയവം മാറ്റിവച്ചു. വൃക്കയാണു കൂടുതലായും ദാനം ചെയ്തത്–600. രണ്ടാമത് കരളാണ്–278.
മറ്റു സംസ്ഥാനങ്ങളിൽ മസ്തിഷ്ക മരണത്തെ തുടർന്നുള്ള അവയവദാനം കേരളത്തെക്കാൾ കൂടുതലാണ്. കേന്ദ്രസർക്കാരിന്റെ കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് തെലങ്കാനയാണ് മുന്നിൽ. 194 ദാതാക്കളിൽനിന്ന് അവയവങ്ങൾ എടുക്കാനായി. രണ്ടാമത് തമിഴ്നാടാണ് 156. കർണാടക 151, ഗുജറാത്ത് 148, മഹാരാഷ്ട്ര 105. ജീവിച്ചിരിക്കുന്നവരിൽനിന്നും അവയവങ്ങൾ സ്വീകരിക്കുന്ന കേസുകൾക്ക് കേരളത്തിൽ കുറവില്ല. ശരാശരി 700 കേസുകളാണ് കേരളത്തിൽ ഒരു വർഷം റിപ്പോർട്ട് ചെയ്യുന്നത്.
ജീവിച്ചിരിക്കുന്ന ആൾക്ക് രക്തബന്ധത്തിലുള്ളവർക്ക് വേഗത്തിൽ അവയവം ദാനം ചെയ്യാം. ബന്ധുത്വം തെളിയിച്ചാൽ മതി. ബന്ധുവല്ലാത്ത ദാതാവാണെങ്കിൽ സർക്കാർ നിയോഗിച്ച കമ്മിറ്റി കേസ് പരിശോധിക്കും. ഇത്തരത്തിലുള്ള ഒട്ടുമിക്ക കേസുകളിലും മികച്ച സാമ്പത്തിക സ്ഥിതിയുള്ളവർക്കാണ് ശസ്ത്രക്രിയ നടത്താൻ കഴിയുന്നതെന്ന് അധികൃതർ പറയുന്നു. ജീവിച്ചിരിക്കുന്നവരിൽനിന്ന് അവയവം എടുക്കുമ്പോൾ അവരുടെ ജീവനും അപകടത്തിലാകുന്നു. ദാതാവിന്റെ ചികിത്സാചെലവും ബാധ്യതയാകും.
മൃതസഞ്ജീവനിയിൽ റജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവർ:
വൃക്ക–2,308
കരൾ–807
ഹൃദയം–66
പാൻക്രിയാസ്–12
ശ്വാസകോശം–6
കൈ–11.
English Summary: Steep fall in organ donation in Kerala