'തൊപ്പി'ക്ക് സ്റ്റേഷന് ജാമ്യം; കണ്ണപുരം പൊലീസും കേസെടുത്തു: ഫോണ്‍ കസ്റ്റഡിയില്‍

Mail This Article
കൊച്ചി∙ വിവാദ യുട്യൂബർ കണ്ണൂർ സ്വദേശി ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. എറണാകുളത്തെ ഫ്ലാറ്റിൽനിന്ന് വളാഞ്ചേരി പൊലീസാണ് ഇയാളെ പിടികൂടിയത്. മുറിയുടെ വാതിൽ തകർത്താണ് പൊലീസ് ‘തൊപ്പി’യെ പിടികൂടിയത്. പൊലീസ് ഫ്ലാറ്റിനു പുറത്തെത്തി വാതിൽ തുറക്കാനാവശ്യപ്പെട്ടെങ്കിലും തൊപ്പി തയാറായില്ല.
തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് വാതിൽ തകർക്കുന്നതിന്റെ ദൃശ്യങ്ങൾ ‘തൊപ്പി’ സമൂഹമാധ്യമങ്ങളിൽ തത്സമയം പങ്കുവച്ചു. സ്റ്റേഷനിൽ ഹാജരാകാമെന്ന് അറിയിച്ചിട്ടും സമ്മതിച്ചില്ലെന്നും പ്രശസ്തിക്കു വേണ്ടിയാണ് അറസ്റ്റെന്നും തൊപ്പി ആരോപിച്ചു.
കട ഉദ്ഘാടന വേദിയിൽ അശ്ലീല പദപ്രയോഗങ്ങൾനടത്തിയതിനു തൊപ്പിക്കെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞയാഴ്ച വളാഞ്ചേരിയിൽ കടയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടാക്കിയെന്ന വകുപ്പും ചുമത്തിയിട്ടുണ്ട്.
കോഴിക്കോട് റോഡിൽ നവീകരണം പൂർത്തിയാക്കിയ കടയുടെ ഉദ്ഘാടനത്തിനാണ് ഇയാൾ എത്തിയത്. കടയുടമയ്ക്കെതിരെയും കേസെടുത്തു. ട്രോമാ കെയർ വൊളന്റിയർ സൈഫുദ്ദീൻ പാടമാണ് പരാതി നൽകിയത്. ആയിരക്കണക്കിനു കുട്ടികളാണ് യുട്യൂബറെ കാണാൻ എത്തിയിരുന്നത്.
കണ്ണപുരം പൊലീസും തൊപ്പിക്കെതിരെ കേസെടുത്തിട്ടുണ്ട്. അശ്ലീലസംഭാഷണം അടങ്ങിയ വിഡിയോ പ്രചരിപ്പിച്ചതിനാണു കേസെടുത്തത്. വളാഞ്ചേരി സ്റ്റേഷനിൽ നിന്നും ജാമ്യം അനുവദിച്ച് തൊപ്പിയെ കണ്ണപുരം പൊലീസിന് കൈമാറും. തൊപ്പിയുടെ രണ്ട് ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
English Summary: Youtuber Thoppi Taken into Custody