തോളിൽ കയ്യിട്ട് ഞെട്ടിച്ച് യുവാവ്; സ്നേഹത്തോടെ സെൽഫിക്ക് നിന്നു കൊടുത്തു എം.എ യൂസഫലി
Mail This Article
പുതുപ്പള്ളി∙ ലുലു ഗ്രൂപ്പ് ചെയർമാനും വ്യവസായിയുമായ എം.എ യൂസഫലിയുടെ തോളിൽ കയ്യിട്ട് യുവാവ്, കണ്ട് അന്തം വിട്ട് സുരക്ഷാ ഉദ്യോഗസ്ഥരും ലുലു ഉദ്യോഗസ്ഥരും എന്നാൽ സ്നേഹത്തോടെ അതിന് അനുവദിച്ച് യൂസഫലി. ഇതിനു പുറമേ യുവാവിന്റെ കൈ പിടിച്ചു മാറ്റിയ ഉദ്യോഗസ്ഥരെ തടഞ്ഞ യൂസഫലി യുവാവിന്റെ കൈപിടിച്ച് തോളിൽ ഇട്ട് സെൽഫിക്ക് നിന്നു കൊടുത്തു. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ അനുശോചിക്കാനും വീട്ടുകാരെ ആശ്വസിപ്പിക്കാനും എം.എ യൂസഫലി പുതുപ്പള്ളിയിൽ എത്തിയപ്പോഴാണ് ഈ സംഭവം.
പുതുപ്പള്ളി സന്ദർശനത്തിനു ശേഷം തിരികെ പോകാൻ ജോർജിയൻ സ്കൂൾ മൈതാനത്തു കാത്തു കിടന്ന തന്റെ ഹെലിക്കോപ്റ്ററിന് സമീപം എത്തിയതായിരുന്നു യൂസഫലി. അപ്പോഴാണ് രണ്ടു യുവാക്കൾ സെൽഫി എടുത്തോട്ടെ എന്നു ചോദിച്ച് അദ്ദേഹത്തെ സമീപിച്ചത്. അതിന് അനുവാദം നൽകിയപ്പോഴാണ് ഏവരെയും ഞെട്ടിച്ച് യുവാവ് യൂസഫലിയുടെ തോളിൽ കയ്യിട്ടത്. ഉടൻ തന്നെ ഉദ്യോഗസ്ഥർ മുന്നോട്ടു വന്ന് കൈ തോളിൽ നിന്നു മാറ്റിച്ചു.
എന്നാൽ എല്ലാവരെയും അതിശയിപ്പിച്ച് യൂസഫലി തന്നെ യുവാവിന്റെ കെപിടിച്ച് തന്റെ തോളിൽ വീണ്ടും ഇട്ട് സെൽഫിക്ക് സന്തോഷത്തോടെ നിന്നു കൊടുത്തു. കൈമാറ്റിച്ചത് ശരിയായില്ലെന്ന് പറഞ്ഞ യൂസഫലി ആ കൈ അവിടെ ഇരുന്നാൽ ഒന്നും സംഭവിക്കാനില്ലെന്നും പറഞ്ഞു. യുവാവിന് അൽപം ഔചിത്യം കാണിക്കാമായിരുന്നു എന്ന് ചിലർ ചൂണ്ടിക്കാട്ടിയെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ യുവാവും ചിരിച്ച് യൂസഫലിയും കൈ കൊടുത്തു പിരിഞ്ഞു.
English Summary: MA Yusuff Ali stood for a selfie with love