ADVERTISEMENT

ന്യൂഡൽഹി∙ പാക്കിസ്ഥാനിൽ ചൈനീസ് എൻജിനീയർമാർക്ക് നേരെയുണ്ടായ ആക്രമണശ്രമത്തിനിടെ രണ്ടു ബലൂചിസ്ഥാൻ വിമതർ കൊല്ലപ്പെട്ടു. ചൈനയെയും പാക്കിസ്ഥാനിലെ ഗ്വാദർ തുറമുഖത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാതയുടെ നിർമാണ മേൽനോട്ടം വഹിക്കുന്ന ചൈനീസ് എൻജിനീയർമാർക്ക് നേരെയായിരുന്നു ആക്രമണശ്രമം. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.

ചൈനീസ് എൻജിനീയർമാർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെ ബോംബെറിയുകയും വെടിവയ്‍ക്കുകയുമായിരുന്നു. സംഭവത്തിൽ ആർക്കും പരുക്കുകളില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) ഏറ്റെടുത്തു. പാക്കിസ്ഥാനിലെ ചൈനയുടെ നിക്ഷേപത്തെ എതിർത്താണ് ആക്രമണമെന്ന് ബിഎൽഎ വ്യക്തമാക്കി.

പാക്കിസ്ഥാൻ പൗരന്മാർക്ക് ഗുണകരമാകാത്ത പദ്ധതിയാണ് ചൈന നടപ്പാക്കുന്നതെന്നും അവർ ആരോപിച്ചു. ഗ്വാദർ തുറമുഖപ്രദേശത്ത്  നിരവധി ചൈനീസ് പൗരന്മാരാണ് ജോലി ചെയ്യുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പൗരന്മാർ വീടുകളിൽ തന്നെ കഴിയണമെന്ന് ചൈനീസ് കോൺസുലേറ്റ് നിർദേശം നൽകി. പാക്കിസ്ഥാനുമായുള്ള ബന്ധത്തിന്റെ പത്താം വാർഷികത്തിൽ വമ്പൻ സഹായമാണ് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് പാക്കിസ്ഥാന് നൽകിയത്. 

ചൈന–പാക്ക് ഇക്കണോമിക് കോറിഡോർ (സിപിഇസി) പദ്ധതിക്കായി 6000 കോടി ഡോളർ സഹായം പ്രഖ്യാപിച്ചു ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആർഐ) പദ്ധതിയുടെ ഭാഗമായി ചൈനയെയും പാക്കിസ്ഥാനിലെ ഗ്വാദർ തുറമുഖത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാതയ്‌ക്കാണ് പ്രധാനമായും തുക അനുവദിച്ചത്. 

ചൈനയിലെ കഷ്‌ഖർ പ്രദേശവുമായി ഗ്വാദറിനെ ബന്ധിപ്പിക്കാനാണ് ശ്രമം. ഒരു ദശകം കൊണ്ട് ഗ്വാദർ തുറമുഖം പൂർണമായും പ്രവർത്തന സജ്ജമാക്കി മാറ്റി ഏഷ്യയുടെ ചരക്കുനീക്കത്തിന്റെ കേന്ദ്രമാക്കി മാറ്റുകയാണ് ചൈനയുടെ ലക്ഷ്യം. ഈ പാത കടന്നുപോകുന്നത് പാക്ക് അധിനിവേശ കശ്‌മീരിലൂടെയും ഇന്ത്യയ്ക്ക് അവകാശപ്പെട്ട മണ്ണിലൂടെയുമാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ നേരത്തേതന്നെ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

English Summary: Baloch Militants Target Chinese Engineers' Convoy In Pak, Gunned Down

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com