സമസ്തയുടെ സ്വതന്ത്ര അസ്തിത്വം ലീഗ് ചോദ്യംചെയ്യരുത്: അഹമ്മദ് ദേവർകോവിൽ
Mail This Article
തിരുവനന്തപുരം ∙ സമസ്ത–ലീഗ് തർക്കത്തിൽ പ്രതികരണവുമായി മന്ത്രി അഹമ്മദ് ദേവർകോവിൽ. വിഷയങ്ങളില്‍ സ്വതന്ത്രമായ നിലപാടുകള്‍ കൈക്കൊള്ളാനും പ്രഖ്യാപിക്കാനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയ്ക്കുള്ള സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുകയും പരിഹസിക്കുകയും ചെയ്യുന്ന മുസ്‍ലിം ലീഗ് നിലപാട് ജനാധിപത്യ വിരുദ്ധമാണെന്നു മന്ത്രി സമൂഹമാധ്യമത്തിൽ അഭിപ്രായപ്പെട്ടു.
അഹമ്മദ് ദേവർകോവിലിന്റെ കുറിപ്പിന്റെ പൂർണരൂപം:
സമസ്തയുടെ സ്വതന്ത്ര അസ്തിത്വം ലീഗ് ചോദ്യം ചെയ്യരുത്. വിശ്വാസപരമായും അല്ലാതെയും പൊതുസമൂഹത്തില്‍ അതതു കാലങ്ങളില്‍ ഉയര്‍ന്നുവരുന്ന വിഷയങ്ങളില്‍ സ്വതന്ത്രമായ നിലപാടുകള്‍ കൈകൊള്ളാനും പ്രഖ്യാപിക്കാനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയ്ക്കുള്ള സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുകയും പരിഹസിക്കുകയും ചെയ്യുന്ന ലീഗ് നിലപാട് ജനാധിപത്യ വിരുദ്ധമാണ്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ മതത്തിനു തീകൊളുത്തി രാഷ്ട്രീയ ലാഭം കൊയ്യാന്‍ ലീഗ് മസ്തിഷ്‌കങ്ങള്‍ പടച്ചുവിടുന്ന അജൻഡയ്ക്കു കുട പിടിക്കാന്‍ തയാറാകാത്തതാണ് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളോട് ലീഗിനുള്ള വിരോധത്തിന് കാരണം.
ഫാഷിസത്തിന്റെ ഭീകര കൈകള്‍ ഇടതുപക്ഷത്തെയും ന്യൂനപക്ഷങ്ങളെയും ലക്ഷ്യമാക്കി ശരവേഗത്തില്‍ നീങ്ങുമ്പോള്‍ അവരുടെ കൂടെ ചേര്‍ന്നു കോറസ് പാടാന്‍ യഥാർഥ മതപണ്ഡിതര്‍ക്കു കഴിയില്ല. സമസ്തയുടെ ആശയങ്ങള്‍ മതവിരുദ്ധമാണെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍കൂടി ഉൾക്കൊള്ളുന്നതാണ് തന്റെ കീഴിലുള്ള ലീഗ് നേതൃത്വമെന്ന് സാദിഖലി തങ്ങള്‍ തിരിച്ചറിയണം. ലീഗ് ജനറല്‍ സെക്രട്ടറിയുടെ, ജിഫ്രി തങ്ങള്‍ക്കെതിരായ പരിഹാസ്യത്തിന്റെ അടിസ്ഥാന കാരണവും ഇതാണ്. എന്നിരിക്കെ ലീഗ് ജനറല്‍ സെക്രട്ടറിയെ വെള്ളപൂശി ജിഫ്രി തങ്ങളെ തള്ളിക്കൊണ്ടുള്ള ലീഗ് അധ്യക്ഷന്റെ വാര്‍ത്താസമ്മേളനത്തിലെ നിലപാട് സമസ്തയെ അത്യധികം അപഹസിക്കുന്നതാണ്.
ലീഗിന്റെ രാഷ്ട്രീയ തീട്ടൂരങ്ങള്‍ക്കു സമസ്ത കീഴ്‌പ്പെടണമെന്നാണു ലീഗ് അധ്യക്ഷന്‍ പറയാതെ പറഞ്ഞുവച്ചത്. മതകാര്യങ്ങളിലും - മത സംഘടനകളുടെ ആഭ്യന്തര കാര്യങ്ങളിലും ലീഗ് നേതാക്കള്‍ ഇടപെട്ടു പക്ഷം ചേര്‍ന്നതിന്റെ ദുരന്തമാണ് മൂന്നു പതിറ്റാണ്ടുമുമ്പ് സമസ്തയിലുണ്ടായ പിളര്‍പ്പ്. ആയതിനാല്‍ മതസംഘടനകളുടെ സ്വതന്ത്ര അസ്തിത്വത്തെ അംഗീകരിക്കാനും മാനിക്കാനും ലീഗ് നേതൃത്വം തയാറാകണം. മതനേതാക്കളെ അപഹസിക്കുന്ന നടപടികളില്‍നിന്ന് അടിയന്തരമായി പിന്മാറണം.