സിപിഎം ഭീഷണിയെത്തുടർന്ന് അടച്ച അടവി ഇക്കോ ടൂറിസം കേന്ദ്രം തുറക്കും
Mail This Article
പത്തനംതിട്ട∙ സിപിഎം ഭീഷണി മൂലം അടച്ച അടവി ഇക്കോ ടൂറിസം സെന്റർ തുറക്കാൻ ധാരണ. ഉന്നതതല നിർദേശത്തിന് ജീവനക്കാർ വഴങ്ങി. സിപിഎം പ്രാദേശിക നേതൃത്വവുമായുള്ള പ്രശ്നം പരിഹരിക്കുമെന്നും ജീവനക്കാർക്ക് ഉന്നത ഉദ്യോഗസ്ഥർ ഉറപ്പു നൽകി. വനഭൂമിയിൽ സ്ഥാപിച്ച സിഐടിയു കൊടിമരം നീക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥന്റെ കൈ വെട്ടുമെന്ന് ഭീഷണിപ്പെടുത്തി സിപിഎം തണ്ണിത്തോട് പഞ്ചായത്ത് കമ്മിറ്റി ഉത്തരകുമരംപേരൂർ (ഞള്ളൂർ) ഫോറസ്റ്റ് സ്റ്റേഷനിലേക്കു നടത്തിയ പ്രതിഷേധ മാർച്ചിനു പിന്നാലെയാണ് അടവി ഇക്കോ ടൂറിസം അടച്ചെന്നു കാണിച്ച് ഡിഎഫ്ഒ ഉത്തരവിറക്കിയത്.
സംഭവം വാർത്തയായതോടെയാണ് വനം വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് ജീവനക്കാരെ അനുനയിപ്പിച്ചത്. പ്രശ്നങ്ങള്‍ പരിഹരിക്കാൻ നടപടിയെടുക്കാമെന്ന് ജീവനക്കാർക്ക് ഉദ്യോഗസ്ഥർ ഉറപ്പു നൽകി. പിന്നാലെ ഡിഎഫ്ഒ ഇക്കോ ടൂറിസം സെന്റർ തുറക്കാനുള്ള നിർദേശം നൽകി. കൂടാതെ വനം വകുപ്പ് ജീവനക്കാർക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയും ഉറപ്പ് നൽകിയിട്ടുണ്ട്.
പലപ്പോഴും വനം വകുപ്പ് ജീവനക്കാർക്കെതിരെയുണ്ടാകുന്ന ഭീഷണികളില്‍ പൊലീസ് കേസെടുക്കുന്നില്ലെന്നു നേരത്തെ ജീവനക്കാർ വ്യക്തമാക്കിയിരുന്നു. കോന്നി, റാന്നി മേഖലകളിൽ സുരക്ഷിതമായി ജോലി ചെയ്യാൻ കഴിയില്ലെന്നും ജീവനു ഭീഷണിയുണ്ടെന്നും ഇവർ പറഞ്ഞിരുന്നു. അക്രമത്തിൽ കേസെടുത്തിട്ടില്ലെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്നും ജീവനക്കാർ വ്യക്തമാക്കി.
കൊടിമരം നീക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥന്റെ കൈ വെട്ടുമെന്നും യൂണിഫോമിലല്ലാതെ പുറത്തിറങ്ങുമ്പോൾ കൈകാര്യം ചെയ്യുമെന്നുമായിരുന്നു ഭീഷണി പ്രസംഗം. യൂണിഫോമിൽ കയറി തല്ലാത്തത് കേരളത്തിൽ ഇടതുപക്ഷം ഭരിക്കുന്നതു കൊണ്ടാണ്. സമാധാനപരമായി സംഘടന രൂപീകരിക്കുമെന്നും എതിരെ വന്നാൽ യൂണിഫോം ഇടാത്ത സമയമുണ്ടല്ലോ, അതോർമ വെച്ചൂളു... എന്നിങ്ങനെയാണു ലോക്കൽ സെക്രട്ടറി പ്രസംഗിച്ചത്. നെഞ്ചത്തു കൊടി നാട്ടാൻ അറിയാഞ്ഞിട്ടല്ലെന്നും കാടിനെ സേവിക്കുന്നവർ നാടിനെ സേവിക്കാൻ വരേണ്ടെന്നും പ്രസംഗത്തിൽ പറയുന്നു. സിഐടിയു ജില്ലാ സെക്രട്ടറി എസ്.ഹരിദാസിന്റെ സാന്നിധ്യത്തിലായിരുന്നു പ്രസംഗം.