ADVERTISEMENT

തിരുവനന്തപുരം∙ വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുകയാണെന്നും സപ്ലൈ ഇല്ലാത്ത സപ്ലൈകോയാണ് നിലവിലുള്ളതെന്നും റോജി എം.ജോണ്‍ എംഎല്‍എ നിയമസഭയില്‍ പറഞ്ഞു. സബ്‌സിഡി വെട്ടിക്കുറച്ച് സപ്ലൈകോ അമ്പതാം വാര്‍ഷികം ആഘോഷിക്കുകയാണെന്നും അടിയന്തര പ്രമേയം അവതരിപ്പിച്ച് റോജി കുറ്റപ്പെടുത്തി. വിപണിയിലെ ഇടപെടലിനു സര്‍ക്കാര്‍ ഒരു രൂപ പോലും ചെലവഴിക്കുന്നില്ല. ഹെലികോപ്റ്ററിനു നല്‍കുന്ന വാടക സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് ചെലവഴിച്ചുകൂടേയെന്നും റോജി ചോദിച്ചു. പച്ചക്കറി, പഴവര്‍ഗങ്ങള്‍, മുട്ട, ഇറച്ചി, പലവ്യഞ്ജനങ്ങള്‍ എന്നിവയ്ക്ക് 50 മുതല്‍ 200 ശതമാനം വരെ വിലക്കയറ്റമുണ്ടായെന്ന് പ്രമേയ നോട്ടിസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

വിലക്കയറ്റത്തെക്കുറിച്ചു ചോദിക്കുമ്പോള്‍ ഭക്ഷ്യമന്ത്രി പറയുന്നത് റേഷന്‍ കടയില്‍ അരി വിതരണം ചെയ്യുന്നതിനെക്കുറിച്ചാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. സപ്ലൈകോയുടെ അന്‍പതാം വര്‍ഷത്തില്‍ ആ സ്ഥാപനത്തിന്റെ അന്തകരായി മാറിയ സര്‍ക്കാരെന്ന് ചരിത്രം നിങ്ങളെ രേഖപ്പെടുത്തുമെന്നും സതീശന്‍ പറഞ്ഞു. വിലക്കയറ്റം പിടിച്ചു നിര്‍ത്തേണ്ട സ്ഥാപനങ്ങളെ തകര്‍ത്തു. പാവങ്ങളല്ല, മറ്റു പലതുമാണ് ഈ സര്‍ക്കാരിന്റെ മുന്‍ഗണനകള്‍. 4000 കോടിയോളം രൂപയാണ് സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് നല്‍കാനുള്ളത്.

ഇത്രയും രൂക്ഷമായ വിലക്കയറ്റം സംസ്ഥാനത്ത് ഉണ്ടായെന്നത് യാഥാർഥ്യമാണ്. ഇക്കാര്യത്തില്‍ എന്തു നടപടി സര്‍ക്കാര്‍ സ്വീകരിച്ചെന്നാണ് ചോദ്യം. വിലക്കയറ്റം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് മന്ത്രി ആദ്യം മറുപടി നല്‍കിയത്. പൊതുവിപണിയില്‍ നിന്നാണ് ഞങ്ങള്‍ വിലവിവരം ശേഖരിച്ചത്. എന്നിട്ടും മന്ത്രിയും സര്‍ക്കാരും വില കൂടിയത് അറിഞ്ഞില്ലേ? ചീഫ് സെക്രട്ടറിയുടെയും കൃഷി മന്ത്രിയുടെയുമൊക്കെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിട്ട് എന്ത് നടപടിയെടുത്തു? ഹോർട്ടികോര്‍പിലെ പല പച്ചക്കറികളുടെയും വില പൊതുമാര്‍ക്കറ്റിലെ വിലയേക്കാള്‍ കൂടുതലാണ്. വട്ടവടയിലെ പച്ചക്കറിക്കൃഷിക്കാരുടെ ഉൽപന്നങ്ങള്‍ ഹോർട്ടികോര്‍പ് ഇപ്പോള്‍ സംഭരിക്കുന്നുണ്ടോ? കഴിഞ്ഞ ഓണക്കാലത്ത് പച്ചക്കറി സംഭരിച്ച ഇനത്തില്‍ 50 ലക്ഷം രൂപയാണ് കർഷകർക്കു നല്‍കാനുള്ളത്. അതുകൊണ്ട് വില കുറച്ച് ഇടനിലക്കാര്‍ വഴി അവര്‍ പച്ചക്കറി വിറ്റഴിക്കുകയാണ്. 

ക്രിസ്മസ് കാലത്ത് സമൂഹമാധ്യമങ്ങളില്‍ നല്ലൊരു ട്രോള്‍ വന്നു; ഒന്ന് ബവ്റിജസിന്റെ ഔട്ട്‌ലെറ്റ്. എല്ലാം നിറഞ്ഞ കുപ്പികള്‍. എക്സൈസ് മന്ത്രിക്ക് അഭിമാനിക്കാം. നേരെ താഴെയുള്ള മാവേലി സ്റ്റോറിന്റെ അലമാരയില്‍ ഒരു സാധനവുമില്ല. വിപണി ഇടപെടല്‍ നടത്തി വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്ന സപ്ലൈകോ എന്ന, സംസ്ഥാനത്തിന്റെ അഭിമാനകരമായ സ്ഥാപനത്തിന്റെ ഇടപെടല്‍ സര്‍ക്കാര്‍ ഇല്ലാതാക്കി. സപ്ലൈകോയുടെ അന്‍പതാം വര്‍ഷത്തില്‍ ആ സ്ഥാപനത്തിന്റെ അന്തകരായി മാറിയ സര്‍ക്കാര്‍ എന്നാണ് നിങ്ങള്‍ ചരിത്രത്തില്‍ അറിയപ്പെടാന്‍ പോകുന്നത്.  

ധനപ്രതിസന്ധി സംസ്ഥാനത്തെ എത്ര വര്‍ഷം പിന്നോട്ടു കൊണ്ടു പോകുമെന്ന യാഥാർഥ്യം ധനകാര്യമന്ത്രി മനസ്സിലാക്കണം. സപ്ലൈകോയും ഹോർട്ടികോർപും തകര്‍ന്നു, കാര്‍ഷിക മേഖലയിലും പട്ടികജാതി, പട്ടികവര്‍ഗ പ്രദേശങ്ങളിലും ഉണ്ടാകുന്ന ഗുരുതരമായ സ്ഥിതിക്കിടെ കൂനിന്‍ മേല്‍ കുരു പോലെയാണ് വിലക്കയറ്റം ഉണ്ടായിരിക്കുന്നത്. എല്ലാ ദിവസവും രാവിലെ വിലനിലവാരം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് വിവരം ലഭിക്കും. വിലക്കയറ്റം എന്തുകൊണ്ട് ഉണ്ടായെന്ന് അന്വേഷിക്കാനുള്ള സംവിധാനം വേണം. സര്‍ക്കാരിന് അങ്ങനെ ഒരു സംവിധാനം ഇല്ല. സര്‍ക്കാരിന്റെ മുന്‍ഗണനകള്‍ ഇതൊന്നുമല്ല. പാവങ്ങളൊന്നും നിങ്ങളുടെ മുന്‍ഗണനയിലില്ല. തെറ്റു തിരുത്താന്‍ പോകുന്നു എന്ന് പറയുന്നവര്‍ ഇതൊക്കെയാണ് തിരുത്തേണ്ടത്. സംസ്ഥാനത്തുണ്ടായ രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരും സര്‍ക്കാര്‍ ഏജന്‍സികളും പരാജയപ്പെട്ടുവെന്നും സതീശന്‍ പറഞ്ഞു.

English Summary:

Opposition Slams Government Over Skyrocketing Prices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com